ആലപ്പുഴ: ആലപ്പുഴയില്‍ ദൃശ്യം മോഡല്‍ കൊലപാതകം. സഹോദരിയെ ചുറ്റികകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. സംഭവത്തെ തുടര്‍ന്ന് സഹോദരന്‍ ബെന്നിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തനിക്ക് പെട്ടെന്നുണ്ടായ ദേഷ്യത്തിലുളള കയ്യബദ്ധമാണ് കൊലപാതകത്തിന് കാരണമെന്ന് ബെന്നി ബന്ധുക്കളോട് സമ്മതിച്ചിരുന്നതായാണ് വിവരം. വീടിനടുത്തുളള പൊതുപ്രവര്‍ത്തകയാണ് സംഭവം പോലീസില്‍ അറിയിച്ചത്. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം.
റോസമ്മയും ബെന്നിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ റോസമ്മയ്ക്ക് രണ്ടാമത് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പാണ് സഹോദരനുണ്ടായിരുന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ്. കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സൂചന. റോസമ്മയെ 18-ാം തീയതി മുതല്‍ കാണാതായിട്ടും ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പിന്നീട് ബെന്നി തന്നെ സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയെന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് ചോദ്യം ചെയ്യലില്‍ താന്‍ സഹോദരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ പിന്‍ഭാഗത്ത് കൊണ്ടുപോയി കുഴിച്ചിട്ടു എന്നാണ് ബെന്നി പറഞ്ഞത്. പൊലീസ് പിന്നീട് മൃതദേഹം കുഴിയില്‍ നിന്നും കണ്ടെടുത്തു. തുടര്‍ന്ന് മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചു.