ആറ്റിങ്ങൽ (Attingal) : പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ പ്രതി 13 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. ആറ്റിങ്ങൽ വർക്കല ചെമ്മരുതി തുണ്ടുവിള കുന്നത്തുമല പറങ്കിമാംവിളവീട്ടിൽ പ്രവീണി (35) നെയാണ് 2011ൽ ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തത്.
നഗരൂർ സ്വദേശിനിയായ പതിനേഴുകാരിയെയാണ് 2011ൽ നിരവധി തവണ പീഡനത്തിനിരയാക്കിയത്. അതേസമയം പരാതിയെതുടർന്ന് ആറ്റിങ്ങൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി കുവൈത്തിലേക്ക് രക്ഷപ്പെട്ടു. എന്നാൽ വിദേശത്തുനിന്ന് ആറുവർഷത്തിനുശേഷം നാട്ടിലെത്തിയ പ്രതി കൊല്ലം പുനലൂരിൽ കുറച്ചുനാൾ താമസിച്ചു.
എന്നാൽ, പ്രതി കഴിഞ്ഞവർഷം വർക്കല ഞെക്കാട് എത്തി താമസിച്ചുവരുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടർന്ന് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ .ജി, എസ്.ഐമാരായ സജിത്ത് .എസ്, ജിഷ്ണു എം.എസ്, എ.എസ്.ഐ മാരായ രാധാകൃഷ്ണൻ, ഉണ്ണിരാജ്, സി.പി.ഒ നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.