ലക്നൗ (Lucknow) : നരഭോജി ചെന്നായയുടെ ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ആക്രമണത്തിൽ വീണ്ടും മരണം. നവേൻ ഗരേത്തി ഗ്രാമത്തിലെ രണ്ടര വയസ്സുകാരിയായ അഞ്ജലിയാണ് തിങ്കളാഴ്ച ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ചെന്നായയുടെ ആക്രമണത്തിൽ രണ്ട് മാസത്തിനിടെ ഈ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. ഇതിൽ 8 പേർ കുട്ടികളാണ്. ചെന്നായയുടെ ആക്രമണത്തിൽ 25 പേർക്ക് പരുക്കേറ്റു.
തിങ്കളാഴ്ച പുലർച്ചെയാണ് അമ്മയ്ക്കരികിൽ ഉറങ്ങുകയായിരുന്ന അഞ്ജലിയെ ചെന്നായ ആക്രമിച്ചത്. അമ്മ സഹായത്തിനായി നിലവിളിച്ചെങ്കിലും ചെന്നായ കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയി. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ട് കൈകളുമില്ലാത്ത നിലയിൽ വികൃതമാക്കപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം പ്രദേശവാസികൾ കണ്ടെത്തിയത്.
“ആറു മാസം പ്രായമുള്ള മകളുടെ നിലവിളി കേട്ടാണ് ഞാൻ സംഭവം അറിഞ്ഞത്. അപ്പോഴേക്കും മൂത്ത മകളെ ചെന്നായ കടിച്ചെടുത്ത് കൊണ്ടുപോയിരുന്നു. ചെന്നായയുടെ പിന്നാലെ ഓടിപ്പോയെങ്കിലും കുട്ടിയെ കിട്ടിയില്ല. ദരിദ്രരായതിനാല്‍ വീട്ടിൽ വാതിലുകൾ സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല.” – ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ പറഞ്ഞു.
സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മേഖലയിൽ നിരീക്ഷണം ശക്തമാക്കാൻ വനം വകുപ്പിനും പൊലീസിനും നിർദേശം നൽകി. ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. രാത്രി സമയത്ത് ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കാനും ജില്ലാ മജിസ്‌ട്രേറ്റ് മോണിക്ക റാണി അഭ്യർഥിച്ചു. വീടുകൾക്ക് ഉടൻ വാതിലുകൾ ഘടിപ്പിക്കാനും അധികൃതർ നിർദേശം നൽകി.