കൊച്ചി (Kochi) : പെരുമ്പാവൂർ നഗരത്തിലും കോലഞ്ചേരിയിലും നഗ്നനായി ബൈക്കിൽ കറങ്ങിയ യുവാവ് പത്രവിതരണക്കാരനെ ആക്രമിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് പെരുമ്പാവൂരിൽ നിന്നും ആലുവ ഭാഗത്തേക്ക് യുവാവ് ബൈക്ക് ഓടിച്ച് പോയത്. പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാർ യുവാവിന്റെ ദൃശ്യം പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
കോലഞ്ചേരി ഭാഗത്തും ഇയാൾ തന്നെയാണ് നഗ്നനായി ബൈക്കിൽ സഞ്ചരിച്ചതെന്നാണ് കരുതുന്നത്. പുലർച്ചെ പത്താം മൈൽ കുരിശു പള്ളിക്ക് സമീപം വച്ചാണ് പത്രവിതരണക്കാരനെ യുവാവ് ആക്രമിക്കുന്നത്. ചങ്ങലയിൽ തൂക്കിയിട്ടിരുന്ന വിളക്ക് പൊട്ടിച്ചെടുത്താണ് അക്രമണം നടത്തിയത്. പത്രവിതരണക്കാരൻ ബഹളം വച്ചതോടെ ഇദ്ദേഹത്തിന്റെ മൊബൈലുമായി ഇയാൾ കടന്നു കളഞ്ഞു. നഗ്നതമറയ്ക്കാൻ സമീപത്തെ ഫ്ളക്സ് ബോർഡ് കീറി അരയിൽ ചുറ്റിയതായും പറയുന്നു.
സംഭവം പത്രവിതരണക്കാരൻ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് മൊബൈൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവാവിൻ്റെ ബൈക്ക് കൂത്താട്ടുകുളത്തിനും തൊടുപുഴയ്ക്കും മദ്ധ്യേ മാറികയിലെ വീട്ടിൽ നിന്നും കണ്ടെത്തി. യുവാവിനെ കണ്ടെത്താനായില്ല. ഇയാൾക്ക് മനോവിഭ്രാന്തി ഉണ്ടെന്നാണ് വീട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ച സൂചന.