ബീജിങ് (Beejing) : ഇന്ന് സോഷ്യൽമീഡിയിൽ നിരവധി ഫുഡ് ചലഞ്ചുകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. പല വ്‌ളോഗർമാരും ഇത് അനുകരിക്കുന്നതിന്റെ വീഡിയോയും നാം സ്ഥിരമായി കണ്ടുവരാറുമുണ്ട്. അത്തരത്തിലൊരു ഫുഡ് ചലഞ്ചിന്റെ ഭാഗമായ 24 കാരിയായ വ്‌ളോഗർക്ക് ദാരുണാന്ത്യം സംഭവിച്ചതിന്‍റെ വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്. ഇടവേളയില്ലാതെ പത്ത് മണിക്കൂറിലേറെ ഭക്ഷണം കഴിച്ച പാൻ ഷിയോട്ടിങ് എന്ന വ്‌ളോഗറാണ് മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ പാൻ കുഴഞ്ഞു വീഴുകയായിരുന്നു.
പോസ്റ്റ് മോർട്ടത്തിൽ പാനിന്‍റെ വയറിന് ഗുരുതര വൈകല്യവും വയറ് നിറയെ ദഹിക്കാത്ത ഭക്ഷണവും കണ്ടെത്തി. അമിതമായി ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് ചൈനീസ് വാർത്താ ഏജൻസിയായ ഹാൻക്യുങ് റിപ്പോർട്ട് ചെയ്തു. പാൻ നിരന്തരമായി ഇത്തരത്തിലുള്ള ഫുഡ് ചലഞ്ചുകൾ ചെയ്യാറുണ്ടെന്നും ഇടവേളകളില്ലാതെ തുടർച്ചയായി പത്ത് മണിക്കൂർ ഭക്ഷണം കഴിക്കുമെന്നും വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണം അമിതമായി കഴിക്കുന്നത് ലൈവായി കാണിക്കുന്ന ചലഞ്ചാണ് മുക്ബാംഗ്. പാൻ മുക്ബാങ് ചലഞ്ച് സ്ഥിരമായി ചെയ്യാറുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള നിരവധി വ്‌ളോഗർമാരും യൂട്യൂബർമാരും മുക്ബാങ് സ്ട്രീങ് അനുകരിക്കാറുണ്ട്.
എന്താണ് മുക്ബാങ് സ്ട്രീങ്?
തങ്ങളുടെ ഫോളോവേഴ്‌സിന് മുന്നിൽ ലൈവായി വലിയ അളവിൽ ഭക്ഷണം കഴിക്കുന്ന സോഷ്യൽമീഡിയ ട്രെൻഡാണ് മുക്ബാങ് സ്ട്രീങ്. ഇത് ആരോഗ്യപരമായ നിരവധി വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. പൊണ്ണത്തടിയെ പ്രോത്സാഹിപ്പിക്കുന്ന ചലഞ്ചാണെന്ന് പറഞ്ഞ് നിരവധി പേർ ഇതിനെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. ഇതിന്റെ വെല്ലുവിളികൾ ഉയർത്തിക്കാട്ടി ചൈനയിൽ മുക്ബാങ് ചലഞ്ച് നിയമ വിരുദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഫോളോവേഴ്‌സിനെയും കാഴ്ചക്കാരുടെയും എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഇത് പലരും തുടർന്ന് വരാറുമുണ്ട്.
പാനും മുക്ബാങ്ങും പലപ്പോഴും അനുകരിക്കാറുണ്ട്. ഒരുനേരം 10 കിലോ ഭക്ഷണം വരെ പാൻ ഷിയോട്ടിങ് കഴിക്കാറുണ്ടെന്ന് പ്രാദേശിക ചൈനീസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മുന്നറിയിപ്പ് അവഗണിച്ചാണ് പാൻ ഇത് തുടർന്നിരുന്നത്. നേരത്തെയും അമിതമായി ഭക്ഷണം കഴിച്ചതിന് പിന്നാലെ പാനിന് രക്തസ്രാവമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം,സ്വന്തം ജീവനെയും ആരോഗ്യത്തെയും ബലിയാടാക്കി അമിതമായ ഭക്ഷണം കഴിക്കുന്നവർക്കുള്ള താക്കീതാണ് പാനിന്റെ ദാരുണാന്ത്യമെന്നായിരുന്നു അധികൃതരുടെ മുന്നറിയിപ്പ്. ഏതായാലും മുക്ബാങ് ഫുഡ് ചലഞ്ചിനെക്കുറിച്ചും അതിന്റെ ദോഷവശങ്ങളെക്കുറിച്ചും സോഷ്യൽമീഡിയയിൽ വീണ്ടും വലിയ രീതിയിലുള്ള ചർച്ചകൾ ഉയർന്നുകഴിഞ്ഞു. മറ്റുള്ളവർ ഭക്ഷണം വാരിവലിച്ചു കഴിക്കുന്നത് എന്തിനാണ് മറ്റുള്ളവർ കണ്ടുകൊണ്ടിരിക്കുന്നതെന്നായിരുന്നു ചിലരുടെ വിമർശനം.