ഗുജറാത്ത് (Gujarath) : ഗുജറാത്തിലെ കച്ചിൽ വിഷ വാതകം ശ്വസിച്ച് 5 തൊഴിലാളികൾ മരിച്ചു. കച്ചിലെ കാൻഡ്ലയിലുള്ള ഇമാമി അഗ്രോ ടെക് (Emami Agro Tech)എന്ന കമ്പനിയിലാണ് വാതക ചോർച്ച ഉണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നുവെന്നാണ് നിഗമനം. വാതകം ശ്വസിച്ച് ബോധമറ്റു വീണ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെയാണ് കൂട്ടമരണം ഉണ്ടായത്. മരിച്ചവരിൽ സൂപ്പർവൈസറും ടാങ്ക് ഓപ്പറേറ്ററും ഉൾപ്പെട്ടിട്ടുണ്ട്.
ഫാക്ടറി ഉൽപാദനത്തിൽ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയിൽ നിന്നുള്ള മാലിന്യ ചെളി നീക്കം ചെയ്യാൻ ഒരു ജീവനക്കാരൻ ടാങ്ക് പരിശോധിക്കുന്നതിനിടയിലായിരുന്നു ടാങ്കിൽ നിന്ന് വിഷവാതകം ചോർന്നത്. ഇതോടെ ഒരു തൊഴിലാളി ബോധരഹിതനായി ടാങ്കിലേക്ക് വീഴുകയായിരുന്നു. മറ്റ് രണ്ട് തൊഴിലാളികൾ ഇയാളെ പുറത്തെത്തിക്കാനായി ശ്രമിച്ചെങ്കിലും ഇവരും പുക ശ്വസിച്ച് ബോധം നഷ്ടപ്പെടുകയായിരുന്നുവെന്ന് കച്ച് (ഈസ്റ്റ്) പൊലീസ് സൂപ്രണ്ട് സാഗർ ബഗ്മർ പറഞ്ഞു.
തൊഴിലാളികളെ ഉടൻ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേരും അപ്പോഴേക്കും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി രാംബാഗ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശാരീരിക അവശതകൾ നേരിട്ട ചില തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം കമ്പനി സഹായം ധനം പ്രഖ്യാപിച്ചു.