പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയ യുവതി അറസ്റ്റില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പൊലീസും ഡാന്‍സാഫും ഇവരെ പിടികൂടിയത്. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസില്‍ 24 കാരി ജുമിയാണ് അറസ്റ്റിലായത്. രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ബെംഗളൂരുവില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
ഓടി രക്ഷപ്പെട്ട രണ്ടു പേരെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഒന്നാം പ്രതി നിലമ്പൂര്‍ സ്വദേശി ഷൈന്‍ ഷാജിയെ ബെംഗളൂരൂവില്‍ നിന്നും, രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യനെ കുമളിയില്‍ നിന്നും പിടികൂടി റിമാന്‍ഡ് ചെയ്തു. ഇതില്‍ ഷൈന്‍ ഷാജിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ ബെംഗളൂരുവില്‍ നിന്നും ഷൈനിനോടൊപ്പം എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിന്റെ കാരിയര്‍ ആയി പ്രവര്‍ത്തിച്ചത് ജുമിയാണെന്നു മനസിലായി.
ലഹരിക്കടത്തിലൂടെ കിട്ടുന്ന പണത്തിന് ആഡംബര ജീവിതമാണ് യുവതി നയിച്ചിരുന്നത്. ഗോവയിലും ബാംഗ്ലൂരിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ചു. വിലകൂടിയ ബംഗ്ലാവുകള്‍ വാടകയക്കെടുത്തുമാണ് യുവതി ലഹരി കച്ചവടം നടത്തിയത്.