തിരുവനന്തപുരം (Thiruvananthapuram) : പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ചാല സ്വദേശിയായ 20കാരനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. (Thiruvananthapuram fast-track court judge Anju Meera Birla sentenced a 20-year-old man from Chala for raping a 14-year-old girl and impregnating her.) പ്രതിക്കു 63 വർഷം കഠിനതടവും 55,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷവും ആറു മാസവും കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
2022 നവംബർ 9ന് വൈകിട്ട് 7ഓടെ ചാലയിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ടാംക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയിൽ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് കുട്ടി ഗർഭിണി ആയി.
ആശുപത്രിയിൽ ചികിത്സക്ക് പോയപ്പോഴാണ് ഡോക്ടർ പൊലീസിന് വിവരം അറിയിച്ചത്. തുടർന്ന് കുട്ടിയെ എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഗർഭഛിദ്രം നടത്തി. കുട്ടിക്ക് 14 വയസ് മാത്രമേ ഉള്ളൂവെന്നതിനാൽ സുരക്ഷ പരിഗണിച്ച് ഡോക്ടർമാർ കൂടിയാലോചിച്ചാണ് ഗർഭഛിദ്രം നടത്തിയത്. ഗർഭഛിദ്രം നടത്തിയപ്പോൾ കിട്ടിയ ഭ്രൂണവും പ്രതിയുടെയും കുട്ടിയുടെയും രക്ത സാംപിളുകളും ഡിഎൻഎ പരിശോധനക്ക് അയച്ചു. പരിശോധനയിൽ ഭ്രൂണം പ്രതിയുടേതും കുട്ടിയുടേതുമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരുന്നു.