കുങ്കുമം തൊടാൻ ഇഷ്ടപ്പെടുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. കങ്കുമം ചാലിച്ച് പൊട്ട് രൂപത്തിൽ ധരിക്കുന്നവരാണ് പല പുരുഷന്മാരും സ്ത്രീകളും. അതുകൂടാതെ വിവാഹിതരായ സ്ത്രീകൾ സീമന്തരേഖയിലും കുങ്കുമം ധരിക്കുന്നു. ഇതിനായി മാർക്കറ്റിൽ നിന്ന് വാങ്ങുന്ന കുങ്കുമം പലർക്കും അലർജി ഉൾപ്പടെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മായവും രാസവസ്തുക്കളും ചേർത്ത കുങ്കുമം ഉപയോഗിക്കുന്നത് പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
യാതൊരു രാസവസ്തുക്കളും അടങ്ങിയിട്ടില്ലാത്ത നല്ല കുങ്കുമം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. അതിന് വേണ്ടത് മഞ്ഞൾപ്പൊടിയും തൈരും നാരങ്ങാനീരും മാത്രമാണ്. കുങ്കുമം തയ്യാറാക്കുന്ന വിധം:
പാക്കറ്റ് മഞ്ഞൾപ്പൊടി കഴിവതും ഒഴിവാക്കുന്നതാണ് നല്ല കുങ്കുമത്തിന് നല്ലത്. മഞ്ഞൾ വാങ്ങി വീട്ടിൽ തന്നെ ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുക. എത്രത്തോളം കുങ്കുമം ആണ് ആവശ്യമുള്ളത് അത്രത്തോളം മഞ്ഞൾപ്പൊടി എടുക്കുക. ഒരു വലിയ പ്ലേറ്റ് നിറയെ മഞ്ഞൾപ്പൊടി എടുത്താൽ, അതിലേക്ക് 4-5 ടീസ്പൂൺ തൈര് ചേർത്തുകൊടുക്കുക. ശേഷം നല്ലപോലെ മിക്സ് ചെയ്യുക.
എത്രത്തോളം ഇളക്കി ചേർക്കാമോ അത്രയും നല്ലത്. അതിന് ശേഷം 4-5 ചെറുനാരങ്ങയുടെ നീര് (കുരു കളഞ്ഞ്) ചേർക്കുക. നീര് ഒഴിച്ചതിന് ശേഷം മഞ്ഞൾപ്പൊടി നല്ലപോലെ ഇളക്കി ചേർക്കുക. ശേഷം ഇത് പാത്രത്തിൽ പരത്തിവച്ച് നല്ല വെയിലത്ത് വയ്‌ക്കുക. ഒരു 15 മിനിറ്റ് വെയിലത്ത് വയ്‌ക്കാവുന്നതാണ്. മായമില്ലാത്ത, അലർജിയുണ്ടാക്കാത്ത കുങ്കുമം തയ്യാർ.