സീഫുഡ് ഇനങ്ങളിൽ മിക്കവർക്കും ഇഷ്ടമുള്ള ഒന്നാണ് കണവ. ഇതിനോട് നോ പറയുന്ന നോൺ വെജിറ്റേറിയനുകൾ കുറവായിരിക്കും. എന്നാൽ കണവ കൊണ്ടുണ്ടാക്കുന്ന കറിയോ റോസ്റ്റോ ഫ്രൈയോ അല്ലാതെ വ്യത്യസ്ത രുചികൾ കഴിച്ചിട്ടുള്ളവർ ചുരുക്കമായിരിക്കും. കണവ ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്ന ഒരു അടിപൊളി വിഭവം പരിചയപ്പെടാം.
ആദ്യം കണവ നന്നായി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മാറ്റിവയ്ക്കാം. ഇനി ചീനച്ചട്ടി അടുപ്പത്ത് വച്ച് കുറച്ച് പച്ചരി മൂപ്പിച്ചെടുക്കണം. ഇതിലേയ്ക്ക് കപ്പലണ്ടി, പച്ചമല്ലി, കുരുമുളക് എന്നിവകൂടി ചേർത്ത് മൂപ്പിച്ചതിനുശേഷം പൊടിച്ചെടുക്കാം. തീരെ തരിയായി പൊടിക്കേണ്ടതില്ല.അടുത്തതായി ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത് എന്നിവ അൽപ്പം ഉപ്പ് ചേർത്ത് വഴറ്റിയെടുക്കാം. ഇതിലേയ്ക്ക് അൽപ്പം കാശ്‌മീരി മുളക് പൊടി ചേർത്ത് ഇളക്കിയതിനുശേഷം അൽപ്പം ഫിഷ് സോസ് ചേർക്കണം. ഇനി കണവ അരിഞ്ഞത് ചേർത്ത് യോജിപ്പിക്കാം. ഇതിൽ അൽപ്പം വെള്ളം ചേർക്കണം. ശേഷം പൊടിച്ചുവച്ചിരിക്കുന്ന കൂട്ട് ചേർത്ത് അടച്ചുവച്ച് പകുതി വേവ് വരെ വേവിക്കണം. ഇനി കുറച്ച് കുറച്ചായി വാഴയിലയിൽ പൊതിഞ്ഞ് ഇഡ്ഡലി കുക്കറിൽവച്ച് നന്നായി വേവിച്ചെടുക്കാം. കണവ വാഴയില അപ്പം റെഡിയായി.