മത്തി വറുത്തും കറിയുമൊക്കെ എല്ലാവരും എന്നും കഴിക്കുന്നതായിരിക്കുമല്ലേ. പ്രോട്ടീന്റെ കലവറയാണ് മത്തിയെന്ന് പറയാം. വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് മത്തിയിൽ. നല്ല കൊളസ്ട്രോളിന്റെ അളവ് കൂടാനും ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും മത്തി കഴിക്കുന്നത് നല്ലതാണ്. ഇത്രയേറെ ഗുണമുള്ള മത്തിയെ ചമ്മന്തിപ്പൊടിയാക്കി കഴിച്ചാലോ? കുപ്പിയിലടച്ച് മാസങ്ങളോളം ചമ്മന്തിപ്പൊടി കഴിക്കാം… കിടിലൻ റെസിപ്പി ഇതാ..
ചേരുവകൾ
മത്തി- 6 എണ്ണം
തേങ്ങ ചിരകിയത്- 1 കപ്പ്
മുതിര- കാൽ കപ്പ്
വെളിച്ചെണ്ണ
വറ്റൽ മുളക്
പുളി-നാരങ്ങ വലുപ്പത്തിൽ
കറിവേപ്പില
ഇഞ്ചി
ചെറിയ ഉള്ളി -5 എണ്ണം
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
മുളകുപ്പൊടി- കാൽ സ്പൂൺ
ഉപ്പ്
കായപ്പൊടി
തയ്യാറാക്കേണ്ട വിധം
മത്തി വെട്ടി വൃത്തിയാക്കി കഴുകിയെടുക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപ്പൊടിയും ചേർത്ത് തിരുമി വയ്‌ക്കുക. അരമണിക്കൂറിന് ശേഷം വെളിച്ചെണ്ണയൊഴിച്ച് വറുത്തെടുക്കുക.
മുതിര കഴുകി വൃത്തിയാക്കി വെള്ളം വാർന്ന് പോകാൻ വയ്‌ക്കുക. തുടർന്ന് മുതിര വറുത്തെടുക്കുക. എണ്ണയൊഴിക്കാതെ ഇളക്കി വേണം വറുക്കാൻ. ഇതിലേക്ക് കറിവേപ്പില ചേർക്കുക. തീ ഓഫ് ചെയ്ത ശേഷം കായപ്പൊടി കൂടി ചേർക്കുക.
മറ്റൊരു ചട്ടി അടുപ്പ് വച്ച് തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, ഇഞ്ചി, വറ്റൽ മുളക് എന്നിവ ചെറുതീയിൽ ഇളക്കി വറുത്തെടുക്കുക. അടിയിൽ പിടിക്കാതിരിക്കാനായി തുടരെ തുടരെ ഇളക്കുക. ഇതിലേക്ക് നനവില്ലാത്ത പുളി കൂടി ചേർത്ത് കടും നിറം ആകുന്നത് വരെ ഇളക്കുക. ചൂടാറിയ ശേഷം ഇത് പൊടിച്ചെടുക്കുക.
മുള്ളോട് കൂടി തന്നെ മീനും മുതിരയും വറുത്തെടുക്കുക. ഇതും തേങ്ങ പൊടിച്ചതിനൊപ്പം ചേർത്ത് ഒരുവട്ടം കൂടി പൊടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യമായ ഉപ്പ് കൂടി ചേർക്കുക. മീൻ ചമ്മന്തിപ്പൊടി റെഡി.