ചായ ഇന്ത്യയുടെ പ്രിയപ്പെട്ട പാനീയമാണ്. പാൽച്ചായ, കട്ടൻചായ, സുലൈമാനി, മസാലച്ചായ, ഇഞ്ചിച്ചായ, ഏലയ്ക്ക ചായ, ഗ്രീൻ ടീ തുടങ്ങി പേരുകളും വൈവിധ്യങ്ങളും നിരവധിയാണ്. ചായയിൽ പഞ്ചസാരയ്ക്കു പകരം ഉപ്പ് ചേർത്താലോ എന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങളെന്ത് പറയും? മലയാളിക്ക് അതത്ര പരിചിതമായ കാര്യമല്ല എന്നേ ഉള്ളു, കശ്മീരികൾക്ക് ഉപ്പിട്ട ചായ സ്പെഷ്യലാണ്! ഷീർ ചായ്, പിങ്ക് ചായ് എന്നൊക്കെ പേരിട്ട് വിളിക്കുന്ന ഈ സ്പെഷ്യൽ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. അതിനിപ്പോ അറിയാനെന്തിരിക്കുന്നു, പഞ്ചസാരയ്ക്ക് പകരം ഉപ്പിട്ടാൽ പോരേ എന്നാണ് നിങ്ങളുടെ സംശയമെങ്കിൽ ഉത്തരം അങ്ങനെയല്ല എന്നാണ്!
കശ്മീരിൽ നിന്നുള്ള ഒരു പരമ്പരാഗത ചായയാണ് ഷീർ ചായ് (നൂൺ ചായ്, കശ്മീരി ഉപ്പിട്ട ചായ, പിങ്ക് ചായ, ഗുലാബി ചായ്). പരമ്പരാഗത കശ്മീരി ബ്രെഡുകളായ ഷീർമൽ, ബക്കർഖാനി എന്നിവയ്‌ക്കൊപ്പം ഈ പാനീയം ദിവസത്തിൽ രണ്ടോ മൂന്നോ തവണ കുടിക്കുന്നത് കശ്മീരി സംസ്കാരത്തിൻ്റെ ഭാഗമാണ്.
ആവശ്യമായ സാധനങ്ങൾ
വെള്ളം – 4 1/2 കപ്പ്
പാൽ – 1 ½ കപ്പ്
ഷീർ ചായ / ഗ്രീൻ ടീ – 02 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ബേക്കിംഗ് സോഡ – ഒരു നുള്ള്
പച്ച ഏലയ്ക്ക ചതച്ചത്- ആവശ്യത്തിന്
ബദാം- ആവശ്യത്തിന്
കുങ്കുമപ്പൂവ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാൻ അടുപ്പത്ത് വച്ച് അരകപ്പ് വെള്ളത്തിൽ തേയിലയും ബോക്കിംഗ് സോഡയുമിട്ട് തിളപ്പിക്കുക. പാത്രം മൂടിവെക്കാതെ വെള്ളം തിളപ്പിച്ച് ചായ ബ്രൗൺ നിറമാകുന്നതുവരെ കുറുക്കിയെടുക്കുക. ഒരു കപ്പ് വെള്ളം കൂടി ചേർത്ത് അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ വീണ്ടും തിളപ്പിക്കുക. തുടർന്ന് 2 കപ്പ് വെള്ളം കൂടിയൊഴിച്ച് നാല് മുതൽ അഞ്ച് മിനിറ്റ് വരെ തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. പാല് ചേർക്കുമ്പോൾ ചായയുടെ നിറം പിങ്ക് ആയി മാറും. പാത്രം തുറന്നുവച്ച് ഒരു മിനിറ്റ് കൂടി തിളപ്പിക്കുക. വാങ്ങിവച്ച് ബദാം തരുതരുപ്പായി പൊടിച്ചതും ഏലയ്ക്ക് ചതച്ചതും ചേർത്ത് കപ്പുകളിലേക്ക് ഒഴിച്ച് ഉപയോഗിക്കാം. ചായയ്ക്ക് മുകളിൽ ലേശം കുങ്കുമപ്പൂവും വിതറാവുന്നതാണ്.