ചെന്നൈ: 1983ൽ വെള്ളൈ മനസു എന്ന ചിത്രത്തിലൂടെയാണ് രമ്യാ കൃഷ്ണന്‍ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിൽ മാത്രമല്ല, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രമ്യ. സൂപ്പർ സ്റ്റാർ രജനികാന്തിനെപ്പോലും വെല്ലുന്ന പടയപ്പയിലെ റോളും, ബാഹുബലിയിലെ രാജമാതാവിന്‍റെ റോളും ആരും മറയ്ക്കാന്‍ ഇടയില്ല.
പടയപ്പ എന്ന ചിത്രത്തിലെ നീലാംബരി എന്ന കഥാപാത്രത്തിന് നടി മീനയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ മീനയുടെ ശാന്തമായ പെരുമാറ്റം കഥാപാത്രത്തിന് ചേരാത്തതിനാൽ സംവിധായകൻ കെ. രവികുമാർ പകരം രമ്യ കൃഷ്ണനെ തിരഞ്ഞെടുക്കുകയായിരുന്നു. അവാര്‍ഡുകള്‍ നിരവധി രമ്യ കൃഷ്ണന് നല്‍കിയ റോളാണ് ഇത്.
സംവിധായകൻ കൃഷ്ണ വംശിയെ വിവാഹം കഴിച്ചതിന് ശേഷം രമ്യാ കൃഷ്ണൻ സിനിമ രംഗത്ത് നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീട് ഇവര്‍ ടെലിവിഷൻ സീരിയലുകളിലൂടെ തിരിച്ചുവരവ് നടത്തി. എന്നാല്‍ ബാഹുബലി സീരീസിലൂടെ രമ്യ കൃഷ്ണന്‍ ബിഗ് സ്ക്രീനിലേക്ക് വന്‍ തിരിച്ചുവരവ് നടത്തി. രാജമാതാവ് ശിവകാമി അത്രയും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു.
നടി ശ്രീദേവിക്ക് പറഞ്ഞുവച്ച റോളായിരുന്നു ശിവകാമിയുടെത്. എന്നാല്‍ ഒരു തമിഴ് ചിത്രത്തിന് വേണ്ടി ഈ ഓഫര്‍ അവര്‍ തള്ളകളഞ്ഞപ്പോഴാണ് രമ്യ കൃഷ്ണനെ തേടി ഈ വേഷം എത്തിയത്. ആ കഥാപാത്രത്തിൽ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ലെന്ന തരത്തില്‍ രമ്യ കൃഷ്ണന്‍ റോള്‍ ഗംഭീരമാക്കി.
ഒരു അഭിനേത്രി എന്ന നിലയിൽ നമുക്ക് പരിചിതമാണെങ്കിലും സ്വകാര്യ ജീവിതത്തിൽ ഭാര്യയായും അമ്മയായും രമ്യ എങ്ങനെയാണെന്ന് എന്ന വിവരങ്ങള്‍ ആരാധകര്‍ വളരെ അപൂര്‍വ്വമായി മാത്രം അറിയുന്ന കാര്യമാണ്. രമ്യ വീട്ടിൽ നല്ല അമ്മയും നല്ല ഭാര്യയുമാണെന്ന് ഭര്‍ത്താവായ സംവിധായകന്‍ കൃഷ്ണ വംശി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
നടി രമ്യാ കൃഷ്ണനും സംവിധായകൻ കൃഷ്ണ വംശിയും പ്രണയിച്ചാണ് വിവാഹിതരായത്. നാഗാർജുന നായകനായ ചന്ദ്രലേഖ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് ഇവരുടെ പ്രണയം ആരംഭിച്ചത്. പിന്നീട്, മാതാപിതാക്കളുടെ അംഗീകാരത്തോടെ ഇവര്‍ വിവാഹിതരായി. ഇവര്‍ക്ക് ഒരു മകനുണ്ട്.
അതേ സമയം അടുത്തിടെ ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയാണെന്നും വിവാഹമോചനത്തിന് പദ്ധതിയിടുന്നുവെന്നും ചില അഭ്യൂഹങ്ങൾ പരന്നിരുന്നു. ചില തെലുങ്ക് സൈറ്റുകളില്‍ അടക്കം വാര്‍ത്ത വന്നിരുന്നു. രമ്യാ കൃഷ്ണൻ ചെന്നൈയിലും കൃഷ്ണ വംശി ഹൈദരാബാദിലുമാണ് താമസിക്കുന്നതെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഉറച്ച പ്രസ്താവനയിലൂടെ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് കൃഷ്ണ വംശി.
വംശി പറഞ്ഞത് ഇതാണ് “ഞാൻ എന്‍റെ പ്രൊജക്ടുകളുമായി ഹൈദരാബാദില്‍ തിരക്കിലായിരിക്കും. രമ്യാ ചെന്നൈയിലാണ്. ഇതാണ് ഞങ്ങൾ വേറിട്ട് താമസിക്കുന്നു എന്ന അഭ്യൂഹങ്ങൾ ഉയരാന്‍ കാരണം. അത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നത് സാഡിസമാണ് എന്നെ പറയാന്‍ പറ്റു. ചിലപ്പോള്‍ ഇതൊക്കെ കാണുമ്പോൾ എനിക്ക് ചിരിവരും. അവയിൽ അൽപ്പം പോലും സത്യമില്ല” കൃഷ്ണ വംശി പറഞ്ഞു.
ആളുകൾക്ക് തങ്ങളുള്ള സ്നേഹത്തിന്‍റെ ഫലമാണ് ഈ കിംവദന്തികളെന്നും വംശി പറയുന്നു. ഇരുവരും അടുത്തിടെ ഒരു പൊതു പരിപാടികളിലും ഒന്നിച്ച് പങ്കെടുത്തിട്ടില്ലെന്നതും ഇത് കിംവദന്തികൾക്ക് കാരണമായിരിക്കാമെന്നും വംശി പറഞ്ഞു. “ഞങ്ങൾ വ്യക്തിപരമായ കുടുംബ പരിപാടികളിൽ ഒരുമിച്ച് പങ്കെടുക്കാറുണ്ട്. എന്നാൽ ആ ഫോട്ടോകൾ പുറത്തുവിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയാം, വീട്ടിലേക്ക് മടങ്ങുമ്പോൾ ഞങ്ങളുടെ ലോകം വ്യത്യസ്തമാണ് ” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.