ഉണ്ടാക്കാനും കഴിക്കാനുമൊക്കെ എളുപ്പമാണ് ഉപ്പുമാവ്. രാവിലെ പ്രാതലിനോ അല്ലെങ്കില്‍ വൈകുന്നേരത്തെ ചായക്കോ ഒക്കെ പെട്ടെന്നുണ്ടാക്കി കഴിക്കാന്‍ പറ്റുന്ന ഒന്നാണ് ഉപ്പുമാവ്. ഉണ്ടാക്കാന്‍ അറിയാമെങ്കില്‍ നല്ലൊരു വിഭവം തന്നെയാണ് ഇത്. ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ കട്ടപിടിക്കുന്നു എന്നതാണ് പലരുടെയും പരാതി. എന്നാല്‍ ഈസിയായി കട്ടപിടിക്കാതെ രുചിയുള്ള ഉപ്പുമാവ് തയാറാക്കാം നമുക്ക്.
ആവശ്യമുള്ള സാധനങ്ങള്‍
റവ – രണ്ട് കപ്പ്
വെളിച്ചണ്ണ – ആവശ്യത്തിന്
നെയ് – ആവശ്യത്തിന്
കടുക് – കാല്‍ ടീസ്പൂണ്‍
കശുവണ്ടി, ഉഴുന്ന്,
കാരറ്റ് ഇവയൊക്കെ ഉണ്ടെങ്കില്‍ ചേര്‍ത്തുകൊടുക്കാം.
പച്ചമുളക് -2
ഇഞ്ചി ചെറുതായരിഞ്ഞത്- കാല്‍ ടീസ്പൂണ്‍
കറിവേപ്പില
ഉണക്കമുളക്
സവാള -ഒന്ന്
തയാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വച്ചു ചൂടാകുമ്പോള്‍ അതിലേക്ക് റവ ചേര്‍ത്തു ഒന്നു വറുത്തെടുക്കുക. മീഡിയം ഫ്‌ളെയിമില്‍ മൂന്നോ നാലോ മിനിറ്റ് വറുത്തതിനു ശേഷം ഉടന്‍തന്നെ മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. ഇനി പാനില്‍ എണ്ണ(നെയ്യ്) ഏതു വേണമെങ്കിലും എടുക്കാം. രണ്ടും മിക്‌സ് ചെയ്തുമെടുക്കാം)യൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.
ശേഷം കശുവണ്ടി ചേര്‍ത്ത് ഇളക്കുക. ഉണക്കമുളകും ചേര്‍ക്കാം. ഇനി സവാളയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും കാരറ്റുമിട്ട് ഒന്നു വഴറ്റിയെടുക്കുക. ഇതിലേക്ക് പാകത്തിനു വെള്ളമൊഴിച്ച് ഉപ്പിട്ടതിന് ശേഷം തിളക്കുമ്പോള്‍ റവ കുറച്ച് കുറച്ച് ഇട്ടു ഇളക്കികൊടുക്കുക.( ഒരു ഗ്ലാസ് റവയ്ക്ക് ഒന്നേമുക്കാല്‍ കപ്പ് ആണ് വെള്ളത്തിന്റെ അളവ്).
ഇതിലേക്ക് ഒരു സ്പൂണ്‍ നെയ്യുകൂടെ ചേര്‍ത്ത് മൂടിവച്ച് ചെറിയ തീയില്‍ വേവിക്കുക. തീ ഓഫ് ചെയ്ത ശേഷം കുറച്ചു സമയത്തേക്ക് മൂടി തുറക്കാതിരിക്കുക. ശേഷം മൂടിതുറന്ന് അല്‍പം പഞ്ചസാരയിട്ട് കുറച്ചു നെയ് കൂടേ ചേര്‍ത്ത് ഒന്നു ഇളക്കിക്കൊടുക്കാം. അടിപൊളി ഉപ്പുമാവ് റെഡി.