വിവാഹം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും മഞ്ഞച്ചരട് മാറ്റാത്തത് ചുമ്മാ ഷോ അല്ല!! കാരണമുണ്ട്; കീർത്തി സുരേഷ്

Written by Web Desk1

Published on:

നയൻതാര-വിഘ്നേഷ് വിവാഹത്തിന് ശേഷമുള്ള ആദ്യനാളുകളിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട നയൻസിന്റെ കഴുത്തിൽ കട്ടിയുള്ള മഞ്ഞച്ചരട് കണ്ടത് പലരും ചർ‌ച്ച ചെയ്ത വിഷയമായിരുന്നു. “എന്തിനാണീ ഷോ” എന്ന തരത്തിലാണ് നയൻതാരയെ പലരും വിമർശിച്ചത്. വിവാഹം കഴിഞ്ഞ ആദ്യ കുറച്ചുദിവസം മാത്രം ഈ മഞ്ഞച്ചരട് ധരിച്ച് ഇട്ടുനടക്കുകയും എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്യുന്നത് നടിമാരുടെ പ്രഹസനമാണെന്ന തരത്തിൽ പരിഹാസങ്ങളും ഉയർന്നു. സമാനമായ ചർച്ചകളാണ് കീർത്തി സുരേഷിന്റെ വിവാഹത്തിന് ശേഷവും സോഷ്യൽമീഡിയയിലുണ്ടായത്.

കീർത്തിയുടെ വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ആയിരുന്നു ബേബി ജോൺ എന്ന സിനിമയുടെ പ്രമോഷൻ ആരംഭിച്ചത്. ഇതിനായി വരുൺ ധവാനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട കീർത്തി തന്റെ കഴുത്തിലെ ചരട് മറച്ചുവച്ചില്ല. ആന്റണി ചാർത്തിയ മഞ്ഞച്ചരട് കഴുത്തിലണിഞ്ഞാണ് മോ‍ഡേൺ വസ്ത്രം ധരിച്ചപ്പോഴും കീർത്തിയെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലാവുകയും ചർച്ചയാവുകയും ചെയ്തു. എന്നാൽ വിവാഹം കഴിഞ്ഞ് ഏഴ് ദിവസത്തിന് ശേഷം മാറ്റാമെന്നിരിക്കെ എന്തുകൊണ്ട് മഞ്ഞച്ചരട് ​അണിഞ്ഞുതന്നെ എത്തിയതെന്നതിന് മറുപടി നൽകിയിരിക്കുകയാണ് കീർത്തി.

​ഗലാട്ട ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ കീർത്തി പറഞ്ഞതിങ്ങനെ..”എല്ലാ പ്രമോഷനും മഞ്ഞച്ചരട് അണിഞ്ഞ് ഞാനെത്തിയതിന് ഒരു കാരണമുണ്ടായിരുന്നു. വളരെ പരിശു​ദ്ധവും പാവനവുമായി കരുതുന്ന ആ ചരട് കഴുത്തിൽ നിന്ന് മാറ്റാൻ പാടില്ലായിരുന്നു. വിവാഹം കഴിഞ്ഞ് നിശ്ചിത ദിവസത്തിന് ശേഷമേ മഞ്ഞച്ചരട് മാറ്റി സ്വർണമാല അണിയാൻ പാടുകയുള്ളൂ. എന്നാൽ ഇതിനായി സമയം നോക്കിയപ്പോൾ ജനുവരി അവസാനത്തോടെയാണ് തീയതി ലഭിച്ചത്. ആദ്യത്തെ 7/10 ദിവസത്തിനുള്ളിൽ ഡേറ്റ് ലഭിക്കാതെ വന്നതിനാൽ മഞ്ഞച്ചരട് അണിഞ്ഞുകൊണ്ടുതന്നെ പൊതുവേദിയിൽ എത്താമെന്ന് ഞാൻ തീരുമാനിച്ചു. അതുകൊണ്ടാണ് വിവാഹം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും ഈ ചരട് നെഞ്ചോട് ചേർന്നുതന്നെ കിടക്കുന്നത്. പിന്നെ, ഇതണിയുമ്പോൾ ഞാൻ കൂടുതൽ സുന്ദരിയാണെന്നും എനിക്ക് തോന്നി” – കീർത്തി മറുപടി നൽകി.

15 വർഷത്തെ പ്രണയത്തിനൊടുവിൽ തന്റെ സുഹൃത്ത് ആന്റണി തട്ടിലിനെ ഡിസംബർ 12നായിരുന്നു കീർത്തി വിവാഹം ചെയ്തത്. ഇതിന്റെ വീഡിയോകളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ വൈറലായിരുന്നു.

See also  സ്റ്റൈലിഷ് ലുക്കിൽ കീർത്തി സുരേഷിൻ്റെ ഫോട്ടോഷൂട്ട്

Leave a Comment