സായ് പല്ലവി തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ്. നാച്യുറൽ ബ്യൂട്ടി എന്നു വിശേഷിപ്പിക്കാവുന്ന ഒരാൾ കൂടിയാണ് പല്ലവി. മേക്കപ്പിനോടൊന്നും ഒട്ടും താൽപ്പര്യമില്ലാത്തയാൾ കൂടിയാണ് സായ് പല്ലവി. സിനിമകളിൽ മാത്രമാണ് താരം മേക്കപ്പ് ഉപയോഗിക്കുന്നത്. അഭിമുഖങ്ങളിലും പൊതുപരിപാടികളിലുമെല്ലാം മേക്കപ്പ് ഇല്ലാതെ എത്താനാണ് സായ് പല്ലവിയ്ക്ക് ഇഷ്ടം. മുഖത്തു നിറയെ മുഖക്കുരുവും മുഖക്കുരുവിന്റെ ചുവന്ന പാടുകളുമെല്ലാം ഉള്ള കാലത്തു പോലും വളരെ ആത്മവിശ്വാസത്തോടെ തന്നെ ഓരോ വേദികളിലും സായ് പല്ലവി എത്തി. പിന്നീട് കൃത്യമായ ഡയറ്റിലൂടെ മുഖക്കുരു പ്രശ്നങ്ങളോട് വിട പറയുകയായിരുന്നു താരം.

സായ് പല്ലവിയുടെ നാച്യുറൽ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് വെളിപ്പെടുത്തുകയാണ് നാഗ ചൈതന്യ ഇപ്പോൾ. സായ് പല്ലവിയും നാഗചൈതന്യയും അഭിനയിക്കുന്ന പുതിയ ചിത്രം ‘തണ്ടേൽ’ ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടയിലായിരുന്നു നാഗചൈതന്യയുടെ വെളിപ്പെടുത്തൽ. സായി പല്ലവി ദിവസവും 5 ലിറ്റർ കരിക്കിൻവെള്ളമെങ്കിലും കുടിക്കാറുണ്ടെന്നാണ് നാഗചൈതന്യ പറഞ്ഞത്. നാഗചൈതന്യയുടെ വാക്കുകൾ സായി പല്ലവിയും ശരിവയ്ക്കുന്നത് വീഡിയോയിൽ കാണാം. അപ്പോൾ ഇതാണല്ലേ താരത്തിന്റെ തിളങ്ങുന്ന ചർമ്മത്തിനും ഊർജ്ജത്തിനും പിന്നിലെ രഹസ്യം എന്നാണ് ആരാധകർ തിരക്കുന്നത്.

വലിയ താരമായിരുന്നിട്ടും ജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യം കൊണ്ടും എടുക്കുന്ന കര്‍ക്കശമായ നിലപാടുകള്‍ കൊണ്ടും ഏറെ ശ്രദ്ധേയയായ സായ് പല്ലവി. പൊതുചടങ്ങുകളിലെല്ലാം ഒരു സാരി ചുറ്റി സിമ്പിൾ ലുക്കിലാണ് സായ് പല്ലവി പ്രത്യക്ഷപ്പെടാറുള്ളത്. അധികം മേക്കപ്പോ ആഭരണങ്ങളുടെ പകിട്ടോ ഒന്നുമില്ലാതെ എത്തുന്ന സായ് പല്ലവിയുടെ ലാളിത്യം ആരാധകരും പലകുറി ചർച്ച ചെയ്തിട്ടുള്ള കാര്യമാണ്. പൊതുവെ വളരെ സിമ്പിൾ ലൈഫ് നയിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാനെന്ന് സായ് പല്ലവിയും മുൻപ് അഭിമുഖങ്ങളിൽ വ്യക്തമാക്കയിട്ടുണ്ട്.

“ഞാൻ എനിക്കു വേണ്ടി വാങ്ങുന്ന സാധനങ്ങളൊക്കെ എപ്പോഴും വില കുറഞ്ഞതാവും. ഞാൻ 1000 അല്ലെങ്കിൽ 2000 രൂപയുടെ സാരി തിരഞ്ഞെടുക്കും, അമ്മ വന്ന് പറയും ആ 10000 രൂപയുടെ സാരി എടുക്കൂ പല്ലവീ എന്ന്. രണ്ടായിരം രൂപയുടെ സാരിയിൽ തന്നെ ഞാൻ സുന്ദരിയായിരിക്കും, പിന്നെ എനിക്കെന്തിനാണ് പതിനായിരം രൂപയുടെ സാരി എന്നു ഞാൻ ചോദിക്കും. അമ്മ, പൂജ അവർക്കൊക്കെ വേണ്ടി പണം ചെലവഴിക്കാൻ എനിക്കിഷ്ടമാണ്. എനിക്കു വേണ്ടി ചെലവഴിക്കാൻ ഇഷ്ടമില്ല. ഞാൻ യുഎസിലേക്കു പോവുമ്പോൾ ഒരു ഷൂ വാങ്ങണം, ഞാൻ അതു സെലക്ട് ചെയ്തപ്പോഴേക്കും അമ്മ പോയി ബിൽ അടിച്ചുവന്നു. 15000 രൂപ. ആ ഷൂ കയ്യിലെടുത്തു നടന്നാലോ എന്നു തോന്നിപ്പോയി. അത്രയും പൈസയ്ക്ക് ഷൂ വാങ്ങിയത് എനിക്ക് ബാഡ് ആയി തോന്നി,” മുൻപൊരു അഭിമുഖത്തിൽ സായി പല്ലവി പറഞ്ഞതിങ്ങനെ.

സായ് പല്ലവിയുടെ നിലപാടുകൾ കണ്ട് അത്ഭുതം തോന്നിയിട്ടുണ്ടെന്ന് മുൻപ് നടി ഐശ്വര്യ ലക്ഷ്മിയും പറഞ്ഞിരുന്നു. പണത്തിനോട് ഒട്ടും താത്പര്യമില്ലാത്ത ഒരാളെ താൻ വേറെ കണ്ടിട്ടില്ലെന്നാണ് ഐശ്വര്യ പറഞ്ഞത്.

“പല്ലവി എടുത്തിട്ടുള്ള ഒരുപാട് നിലപാടുകൾ ഉണ്ട്. ഫെയർനെസ് ക്രീമിന്റെ പരസ്യം. നല്ല കാശ് കിട്ടുന്ന പരിപാടി ആണ്. പക്ഷെ അത് അവർ വേണ്ടെന്ന് വെച്ചു. എനിക്ക് തോന്നുന്നില്ല അവർ ഏതെങ്കിലും ഒരു ബ്രാൻഡിന് വേണ്ടി പരസ്യം ചെയ്തിട്ടുണ്ടെന്ന്. പരസ്യം മാത്രമല്ല ഷോപ്പ് ഉദ്ഘാടന പരിപാടികൾക്കൊന്നും അവർ പോകാറില്ല. കാശിനോട് ഒരു താൽപര്യവുമില്ലാത്ത വ്യക്തിയാണ്. അവർക്ക് വേണമെങ്കിൽ വലിയ വലിയ കാറുകൾ വാങ്ങിക്കാം. ഡയമണ്ട് വാങ്ങിക്കൂട്ടാം. പക്ഷെ ഒന്നും ചെയ്യാറില്ല. താരജാഡ ഒന്നുമില്ല. കാശ് അവർക്ക് ആവശ്യം പോലുമില്ല. ചെറിയ ചെറിയ ആവശ്യങ്ങളല്ലേ നമുക്കുള്ളൂ എന്നാണ് പറയാറ്. എന്താണ് കാറ് വാങ്ങിക്കാത്തതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ഒരു റെഡ് സ്വിഫ്റ്റ് കാറാണ് സായ് പല്ലവി ഉപയോഗിക്കുന്നത്,” ഐശ്വര്യലക്ഷ്മി പറഞ്ഞു.