റോസ്സിയുടെയും വർഗീസിന്റെയും ഏക മകളായി പിറന്ന ഹണി റോസിനെ (Honey Rose) അറിയാത്തവരായി ആരെങ്കിലും ഇന്ന് കേരളത്തിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റുപലരും സിനിമയ്ക്ക് പിന്നാലെ പാഞ്ഞ് അവസരങ്ങൾ കയ്യെത്തിപ്പിടിച്ചുവെങ്കിൽ, സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ മലയാള സിനിമ ഹണിയെ തേടിയെത്തുകയായിരുന്നു. ബോയ്ഫ്രണ്ട് സിനിമയിൽ മണിക്കുട്ടന്റെ കൂട്ടുകാരിയുടെ വേഷമായിരുന്നു ഹണിക്ക്. നായികയായി തുടക്കം. വർഷങ്ങൾ കൊണ്ട് ഹണി റോസിന് മാറ്റങ്ങൾ പലതുണ്ടായി. ഇന്നിപ്പോൾ ഹണി റോസ് സിനിമയുടെ മാത്രം പിൻബലത്തിൽ മാത്രമല്ലാതെ തന്റേതായ ഇടം തീർത്ത ഒരു മേഖലയുണ്ട്.
സിനിമയിൽ പേരുമാറ്റി ഭാഗ്യം പരീക്ഷിക്കുന്ന താരങ്ങളുടെ കൂട്ടത്തിൽ ഹണി റോസുമുണ്ട്. ഇടയ്ക്ക് ഹണി ധ്വനി ആയി മാറിയെങ്കിലും, വീണ്ടും പഴയപേരിലേക്ക് മടങ്ങുകയായിരുന്നു. ഉദ്‌ഘാടന വേദികളിൽ ഇന്ന് ഹണി റോസ് കേരളത്തിലെ ഏറ്റവും വലിയ താരമാണ് എന്ന് പറയുന്നതിൽ അതിശയോക്തി തീരെയില്ല. ഹണി റോസ് വരുന്നു എന്ന് കേട്ടാൽ, ക്ഷണം ഇല്ലെങ്കിലും പോലീസ് പോലും നിയന്ത്രിക്കാൻ പെടാപ്പാടു വരുന്ന ഒരു ജനക്കൂട്ടത്തെ അവിടെ പ്രതീക്ഷിക്കാം. കേരളത്തിലങ്ങോളം ഇങ്ങോളം മാത്രമല്ല, വിദേശത്തു പോലും ഹണി റോസിന് ഇത്തരത്തിൽ ഗംഭീര സ്വീകരണവും ഫാൻ ഫോളോയിങ്ങുമുണ്ട്. ഹണിയുടെ ലുക്കുകൾക്ക് പിന്നിൽ അമ്മയുടെ മിടുക്കാണ് എന്ന് ഹണി അംഗീകരിച്ച കാര്യമാണ്.
ബിസിനസുകാരനായ ബോബി ചെമ്മണ്ണൂരിനെതിരെ അധിക്ഷേപ പരാതി നൽകിയ സാഹചര്യത്തിൽ ഹണി റോസ് വീണ്ടും വാർത്തകളുടെ താരമായി മാറി. റിമാൻഡ് ചെയ്യപ്പെട്ട ബോബി ജാമ്യം നേടി പുറത്തുവരികയും ചെയ്തു. ഹണി ഉദ്‌ഘാടകയായി എത്തിയ പരിപാടിയിൽ ഒപ്പം പങ്കെടുത്ത ബോബി ‘കുന്തിദേവി’ എന്ന പരാമർശം നടത്തിയതാണ് വിവാദമായത്. ഹണി റോസിന്റെ പ്രതിഷേധം തുടക്കത്തിൽ സോഷ്യൽ മീഡിയയിലും, പിന്നീട് പോലീസ് പരാതിയിലും എത്തിയതിനെ തുടർന്ന് ബോബി ചെമ്മണ്ണൂർ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.
ഹണി റോസിന്റെ വേഷവിധാനങ്ങൾ തിരഞ്ഞെടുക്കുന്നത് അമ്മയാണെന്നും, അതിന്റെ പേരിൽ പഴികേൾക്കുന്നതു താനാണ് എന്നും ഹണി പറഞ്ഞിരുന്നു. എന്നാൽ, ഹണി റോസിന്റെ അമ്മ അച്ചടക്കത്തിന്റെ കാര്യത്തിൽ സ്കൂൾ പ്രിൻസിപ്പലിനേക്കാളും ചിട്ടവട്ടമുള്ളയാളാണ് എന്നുവേണം മനസിലാക്കാൻ. മകളുടെ സ്വഭാവത്തെക്കുറിച്ച് പറയുമ്പോൾ, പിതാവിന് നൂറുനാവാണ്. എപ്പോഴും പ്രസന്നത വിളങ്ങുന്ന മുഖം മാത്രമല്ല, ഉള്ളിൽ നിന്നും ഹണി അത്തരത്തിൽ തന്നെയാണ് പെരുമാറുക എന്നും അച്ഛൻ പറയുന്നു.
മകൾ ഹണി റോസിന്റെ വ്യക്തിത്വം എടുത്തു പറയേണ്ട കാര്യമാണ്. യൗവ്വനകാലത്തു തന്നെ വീടും മറ്റു സൗകര്യങ്ങളും എല്ലാം ഹണി സ്വന്തം ഇഷ്‌ടപ്രകാരം നേടിയതെങ്കിൽ, ഇന്ന് പലരും കാണുന്ന ഹണി റോസിന്റെ പെരുമാറ്റം വളർത്തി വലുതാക്കിയ നാളുകളിൽ അമ്മയുടെ നിയന്ത്രണത്തിൽ നടന്ന കാര്യമാണ്. ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥ പരാമർശം നടത്തിയപ്പോൾ പോലും, ഹണി റോസ് പുലർത്തിയ ആത്മനിയന്ത്രണം ഏറെ ശ്രദ്ധ നേടുകയായിരുന്നു.