മലയാള സിനിമയുടെ നിറയൗവനത്തിന് 73-ാം പിറന്നാൾ. ജന്മദിനത്തിൽ മമ്മൂട്ടിയെ (Mammootty) ഒരുനോക്കു കാണാൻ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന്റെ മുന്നിൽ പാതിരാത്രിയിൽ തടിച്ചുകൂടിയ ഫാൻസ് കൂട്ടത്തെയാണ് ചിത്രത്തിന്റെ ആദ്യപകുതിയിൽ നോക്കിയാൽ മനസിലാകും. മമ്മുക്ക എന്ന മമ്മൂട്ടിയെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും, ആ വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ അവരുടെ മനസ്സിൽ നിറയുന്ന സായൂജ്യം മറ്റൊന്നാണ്. രണ്ടാം പകുതിയിലെ ദൃശ്യം മമ്മൂക്കയുടെ അർദ്ധരാത്രിയിലെ ജന്മദിനാഘോഷത്തിൽ നിന്നും. തനിക്കായി ഇത്രയും ദൂരം താണ്ടി വന്ന ഫാൻസിനെ നിരാശപ്പെടുത്താൻ മമ്മൂക്ക തയ്യാറായില്ല.
കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ഇക്കുറി പിറന്നാളിനെ വരവേറ്റത്. ദൃശ്യങ്ങൾ നോക്കിയാൽ മമ്മുക്കയുടെ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, കൊച്ചുമകൾ മറിയം എന്നിവരെ കാണാം. ദുൽഖറിന്റെ വായിലേക്ക് കേക്ക് വച്ച് കൊടുക്കുന്ന അച്ഛനും, കൊച്ചുമകൾ മറിയത്തിന് നെറുകയിൽ സ്നേഹ ചുംബനം കൊടുക്കുന്ന മുത്തശ്ശനും, ഭാര്യയെ ചേർത്തുനിർത്തി കേക്ക് മുറിക്കുന്ന ഭർത്താവിനെയും ഈ ചിത്രങ്ങളിൽ നിങ്ങൾക്ക് ഒന്നിച്ച് കാണാൻ സാധിക്കും. ഈ ദൃശ്യങ്ങൾ പുറത്തുകൂടി നിൽക്കുന്ന ആരാധകരിലേക്കും എത്തണ്ടേ? അതിനായി തന്റെ പിറന്നാൾ ആഘോഷങ്ങളുടെ സന്തോഷം മമ്മൂക്ക ഫാൻസിനുവേണ്ടി ലൈവ് വീഡിയോ കോളിൽ പങ്കിട്ടുനൽകി.
മമ്മൂട്ടിയുടെ സന്തതസഹചാരികളിൽ ഒരാളായ രമേഷ് പിഷാരടി, അദ്ദേഹത്തിന് നേരം പുലരും മുൻപേ ജന്മദിനം ആഘോഷിച്ചവരിൽ ഉൾപ്പെടുന്നു. മമ്മൂക്കയുടെ അരികിൽ ചേർന്നുനിന്ന് അദ്ദേഹത്തിന്റെ ഫോണിലെ കാഴ്ച ആസ്വദിക്കുന്ന തന്റെ ഏറ്റവും ഇളയ പുത്രന്റെ ചിത്രം കൂടി പങ്കിട്ടുകൊണ്ടാണ് രമേഷ് പിഷാരടി മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്. മമ്മൂട്ടിയുടെ വീടിനുള്ളിൽ പ്രവേശനമുള്ള ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് രമേഷ് പിഷാരടി. പിഷാരടി കുറിച്ച് വരികൾ ഇതാ. ‘പിച്ചകപ്പൂവള്ളികൾക്ക് പടർന്നു കയറാനും പച്ചപ്പുൽ നാമ്പുകൾക്ക് പൂക്കുവാനും… ചോല കൊടുത്ത ചേലിന്…. പിറന്നാൾ’
ഇക്കുറി മമ്മൂട്ടിയുടെ ജന്മദിനത്തിൽ നിന്നും ഓണാഘോഷങ്ങളിലേക്ക് അധിക ദൂരമില്ല. ഈ ഓണക്കാലത്ത് അദ്ദേഹത്തിന്റെ കാത്തിരുന്ന ചിത്രമായ ‘ബസൂക്ക’ തിയേറ്ററിൽ എത്തുമെന്ന് വളരെ നേരത്തെ പ്രഖ്യാപനം വന്നതാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വീഡിയോ ശകലങ്ങളും അത്രകണ്ട് പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലം അല്ലാതായതോടെ, ചിത്രം ഇപ്പോൾ മറ്റൊരു തീയതിയിലേക്ക് റിലീസ് മാറ്റിയിരിക്കുന്നു. ഒരു സൂപ്പർതാരത്തിന്റെ പോലും ചിത്രമില്ലാത്ത ഓണക്കാലം ആയിരിക്കുമോ നമുക്കിത് എന്ന ആശങ്കയും പ്രേക്ഷകർക്കുണ്ട്.
കാലം ചെല്ലുംതോറും ചെറുതാവുന്ന ചെറുപ്പത്തിനുടമയാണ് മമ്മൂട്ടി. ഇപ്പോഴും അദ്ദേഹത്തിന്റെ ലുക്കുകൾ പകർത്തി ട്രെൻഡ് ആക്കുന്ന ഒരു യുവതലമുറ കേരളത്തിലുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിച്ചേ മതിയാകൂ. മകൻ ദുൽഖർ സൽമാന് പോലും ലുക്കിന്റെ കാര്യത്തിൽ മമ്മുക്ക ഒരു കോമ്പറ്റീഷൻ അല്ലേ എന്ന് പലരും അടക്കം പറയുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘വർഷങ്ങൾക്കുശേഷം’ എന്ന സിനിമയിൽ പോലും, മമ്മൂട്ടിയുടെ ചെറുപ്പത്തെ സൂചിപ്പിക്കാൻ ഒരു ഡയലോഗ് ഉൾപ്പെടുത്തിയിരുന്നു. യൂത്ത് ഐക്കൺ പുരസ്കാരം മമ്മുക്കയ്ക്കാണ് എന്ന് ഒരാൾ ഫോണിലൂടെ നടൻ നിവിൻ പോളിയുമായി സംസാരിക്കുന്ന ദൃശ്യം തിയേറ്ററുകളിൽ നേടിയ കയ്യടി ചില്ലറയല്ല.
മമ്മൂട്ടിയുടെതായി, ഏറ്റവും ഒടുവിൽ റിലീസ് ചെയ്തിരിക്കുന്നത് ഒരു സിനിമയല്ല വെബ് സീരീസ് ആണ്. എം.ടി. വാസുദേവൻ നായരുടെ കഥാപാത്രങ്ങൾ എല്ലാവരും ഒത്തുചേർന്ന ‘മനോരഥങ്ങൾ’ എന്ന സീരീസിന്റെ ഒരു ഭാഗത്തിലെ നായകൻ മമ്മൂട്ടിയാണ്. ‘കടുഗണ്ണാവ: ഒരു യാത്ര’ എന്ന എപ്പിസോഡിലെ നായകന്റെ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്തത്. രഞ്ജിത്താണ് ഈ ഭാഗത്തിന്റെ സംവിധായകൻ.