ബിഗ് ബോസ് വീട്ടിൽ നിന്നും മറ്റൊരു സ്ട്രോങ്ങ് മത്സരാർത്ഥിയായ ബിന്നി എവിക്ടായ ഈ ആഴ്ചയിൽ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങളാണ് നടന്നത്. പി.ആർ വിവാദം, ഷാനവാസ് സീക്രട്ട് ടാസ്ക് നശിപ്പിച്ചത് എന്നിവ മോഹൻലാൽ ചർച്ച ചെയ്യുകയും മത്സരാർത്ഥികളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇതിനിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു അനുമോൾ, ആദില, നൂറ എന്നിവരുടെ ഗ്രൂപ്പിസവും, ഷാനവാസിന്റെ ചേട്ടച്ഛൻ കാർഡും. ജയിൽ നോമിനേഷൻ ആയാലും, വീക്കന്റ് നോമിനേഷൻ ആയാലും മൂവരും ചർച്ച ചെയ്ത് തീരുമാനിക്കുന്നത് വീടിനുള്ളിലും പ്രേക്ഷകർക്കിടയിലും പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ എപ്പിസോഡിൽ മോഹൻലാൽ ചോദ്യം ചെയ്തതും ഇതിനെയാണ്. കഴിഞ്ഞ വീക്കിൽ അനുമോളും നൂറയും കൂടി ഡ്രസിങ്ങ് റൂമിൽ കയറിയത് ചൂണ്ടികാണിച്ചാണ് മോഹൻലാൽ ചോദ്യം ചെയ്തത്.
“ഈ ഡ്രസിങ്ങ് റൂം എന്ന് പറയുന്നത് ഒരാൾക്ക് കേറാനുള്ളത് എന്നാണ് ഞാൻ മനസിലാക്കുന്നത്. നിങ്ങൾ മൂന്ന് പേരും കൂടി അതിന്റെയുള്ളിൽ കയറുന്നത് എന്തിനാണ്.” എന്ന് മോഹൻലാൽ ചോദിക്കുന്നു. സമയം കളയാതെ പെട്ടെന്ന് ഡ്രസ്സ് ചെയ്ത് ഇറങ്ങിവരാൻ വേണ്ടിയാണ് എന്നാണ് നൂറ ഇതിന് മറുപടിയായി പറയുന്നത്. ഇങ്ങനെ മൂന്ന് പേരും കൂടി ഡ്രസ്സിങ്ങ് റൂമിൽ കയറുമ്പോൾ ഞങ്ങൾ എന്താണ് കരുതുന്നതെന്നും മോഹൻലാൽ രൂക്ഷമായ ഭാഷയിൽ ചോദിയ്ക്കുന്നു. “മൂന്ന് പേരും ഒരുമിച്ചേ ഇരിക്കൂ, ഒരുമിച്ചേ ഡ്രസ് മാറൂ എന്ന് പറഞ്ഞാൽ ശരിയാവില്ല. അത് ഞങ്ങൾ അനുവദിക്കില്ല. നിങ്ങൾ തനിച്ച് കളിക്കൂ” എന്ന് മോഹൻലാൽ പറയുന്നു.
എന്തായാലും ഇത്തരം വിമർശനങ്ങൾ ഉണ്ടാവുമ്പോഴൊക്കെ ആദിലയും നൂറയും കാര്യങ്ങൾ ഗൗരവമായി കാണുകയും, അതിനെ കുറിച്ച് ചർച്ച ചെയ്ത് മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നതും കാണാറുണ്ട്. ഷാനവാസുമായുള്ള കോംബോ ആദിലയും നൂറയും ഒഴിവാക്കുമോ എന്നും, വീടിനകത്തും, പുറത്തും പട്ടായ ഗേൾസ് എന്നറിയപ്പെടുന്ന മൂവർ സംഘം എങ്ങനെയാണ് ഇനിയുള്ള ആഴ്ചകളിൽ ഗെയിം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നത് എന്നുമാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.