ബിഗ് ബോസ് ഹൗസ് 7 ൽ കഴിഞ്ഞയാഴ്ച ഏറ്റവുമധികം പരാതികൾ ലഭിച്ചത് മസ്താനിക്കെതിരെ. പരാതിപ്പെട്ടിയിൽ വന്ന ഏറ്റവുമധികം പരാതികൾ മസ്താനിക്കെതിരെയായിരുന്നു. അക്ബർ ഖാൻ, ബിന്നി, ശൈത്യ, ഒനീൽ സാബു തുടങ്ങി പലരും മസ്താനിക്കെതിരെ പരാതിനൽകിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ മസ്താനിക്കെതിരെ മോഹൻലാൽ നടപടിയെടുക്കുകയും ചെയ്തു.
തിരുവോണത്തലേന്ന് പാത്രം കഴുകുന്ന പ്രശ്നമാണ് മസ്താനിക്കെതിരെ പ്രധാനമായി ഉന്നയിക്കപ്പെട്ടത്. മസ്താനി വെസൽ ടീം ക്യാപ്റ്റനായിരുന്നു. പക്ഷേ, ഡ്യൂട്ടി ഡിവൈഡ് ചെയ്യാനുള്ള ബോധമൊന്നും മസ്താനിക്കില്ലെന്ന് ബിന്നി ആരോപിച്ചു. താൻ ഡ്യൂട്ടി ഡിവൈഡ് ചെയ്യുന്ന കാര്യം ചോദിച്ചപ്പോൾ തന്നോട് ധാർഷ്ട്യത്തോടെ പെരുമാറി. ഭരിക്കാൻ വേണ്ടി മാത്രമാണ് മസ്താനി ശ്രമിക്കുന്നത്. ഒരു ക്വാളിറ്റിയില്ലാത്ത, വളരെ ചീപ്പായ രീതിയിലാണ് മസ്താനി ഇവിടെയുള്ള ഓരോരുത്തരോടും പെരുമാറുന്നത് എന്നും ബിന്നി പറഞ്ഞു.
വൈൽഡ് കാർഡുകൾ അവർക്ക് സ്വന്തമായ നിയമങ്ങളുടേതെന്ന തരത്തിലാണ് പെരുമാറുന്നതെന്ന് ഒനീൽ പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന നിയമങ്ങൾ പാലിക്കില്ല എന്നൊക്കെയാണ് അവരുടെ നിലപാട് എന്നും ഒനീൽ പ്രതികരിച്ചു. അതേസമയം, നേരത്തെ ഉണ്ടായിരുന്നവർ ഒരുമിച്ച് വൈൽഡ് കാർഡ്സിനെതിരെ നിൽക്കുകയാണെന്ന് മസ്താനി ആരോപിച്ചു. അടുത്ത രണ്ടാഴ്ച നേരിട്ട് എവിക്ഷനിൽ ഉൾപ്പെടുത്തിയതാണ് മസ്താനിക്ക് നൽകിയ ശിക്ഷ.
അപ്പാനി ശരതും ശൈത്യയുമാണ് ഈ ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായത്. രേണു സുധി സ്വയം ക്വിറ്റ് ചെയ്തു. രേണു സുധിയെ മോഹൻലാൽ വീട്ടിലെത്തി പുറത്തേക്ക് കൊണ്ടുപോയി. ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് മോഹൻലാൽ ബിഗ് ബോസ് വീട്ടിലെത്തിയത്. അപ്പാനി ശരത് പുലിക്കളി കളിച്ചും ശൈത്യ നേരിട്ടും പുറത്തായി. വീക്കെൻഡ് എപ്പിസോഡുകളിൽ അനുമോളിൻ്റെയും സംഘത്തിൻ്റെയും സദാചാര വിചാരണ ഏറെ ചർച്ചയായിരുന്നു. അനുമോൾ, മസ്താനി, ജിഷിൻ, ആദില, നൂറ എന്നിവരെ മോഹൻലാൽ രൂക്ഷമായി ശകാരിച്ചു.