ബിഗ് ബോസ് ഷോയിലെ ഐകോണിക് ടാസ്കുകളിൽ ഒന്നാണ് ബിബി ഹോട്ടൽ. ബിഗ് ബോസ് വീട് ഒരു ഹോട്ടലായി മാറുകയും അതിഥികളായി മുൻ സീസണുകളിലെ പ്രധാന മത്സരാർത്ഥികൾ എത്തുകയും ചെയ്യുന്ന രസകരമായ ടാസ്ക്. ഈ ഹോട്ടൽ ടാസ്ക് പലപ്പോഴും ബിഗ് ബോസ് ഷോയിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്. ഇത്തവണ ബിബി ഹോട്ടലിലേക്ക് അതിഥികളായി എത്തിയിരിക്കുന്നത് ശോഭ വിശ്വനാഥ്, ഷിയാസ് കരീം, റിയാസ് സലിം എന്നിവരാണ്. ഈ മൂവരുടെയും വരവും ഈ ഹോട്ടൽ ടാസ്‌കും എന്തൊക്കെ മാറ്റങ്ങളാണ് ബിഗ് ബോസ് വീട്ടിൽ ഉണ്ടാക്കാൻ സാധ്യത?
ശോഭ, റിയാസ് എന്നിവരുടെ ഇടപെടലുകൾ തന്നെയാകും ഇതിൽ നിർണ്ണായകമാവുക. കഴിഞ്ഞ ആഴ്ചയിൽ വീട്ടിൽ ഏറ്റവും കൂടുതൽ നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയ വ്യക്തിയായിരുന്നു ലക്ഷ്മി. ആദില, നൂറ എന്നിവരോടുള്ള ലക്ഷ്മിയുടെ മനോഭാവം, ഒനീലും മസ്താനിയും തമ്മിലെ വിഷയത്തിൽ ലക്ഷ്മിയുടെ ഇടപെടൽ തുടങ്ങി വലിയ വിമർശനങ്ങളാണ് വീക്കെൻഡ് എപ്പിസോഡിൽ അടക്കം ലക്ഷ്മി നേരിടേണ്ടിവന്നത്.
ഇതെല്ലാം പുറത്തും അവർക്ക് വലിയ രീതിയിൽ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കിയിരുന്നു. എന്നാൽ ഹോട്ടൽ ടാസ്ക്കിൽ അതിഥികൾ വീട്ടിലേക്കെത്തിയതോടെ കാര്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് കാണാവുന്നത്. ലക്ഷ്മിയെ ടാർഗറ്റ് ചെയ്തുള്ള ശോഭയുടെയും റിയാസിന്റെയും ഗെയിം ലക്ഷ്മിക്ക് പ്രേക്ഷകർക്കിടയിൽ പിന്തുണ നേടാനാണ് വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്.
ലക്ഷ്മി അടുത്തേക്കെത്തുമ്പോൾ തനിക്ക് മോശപ്പെട്ട സ്മെൽ ഫീൽ ചെയ്യുന്നുവെന്നും അലർജി ഉണ്ടാവുന്നു എന്നും പറഞ്ഞ ശോഭ നിരവധി തവണ ലക്ഷ്മിയോട് കുളിക്കാൻ ആവശ്യപ്പെട്ടു. ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള ലക്ഷ്മിയുടെ അഭിപ്രായവും ശോഭ, റിയാസ് എന്നിവർ പല ഘട്ടങ്ങളിലായി ലക്ഷ്മിയോട് ചോദിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മോഹൻലാൽ നന്നായി തന്നെ ഡീൽ ചെയ്ത ഈ വിഷയം പുതിയ വീക്കിൽ ടാസ്ക്കിൽ അടക്കം ആവർത്തിക്കുന്നത് ലക്ഷ്മിക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് വിലയിരുത്താനാവുക.