ബിഗ് ബോസ് മലയാളം സീസണ് 7 മൂന്നാം വാരത്തിലൂടെ മുന്നേറുമ്പോള്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ആവേശവും അതുപോലെതന്നെ സംഘര്‍ഷവും വര്‍ധിക്കുകയാണ്. ഇന്നത്തെ ടാസ്കുകള്‍ക്കിടയിലും അല്ലാതെയും പലപ്പോഴും പല മത്സരാര്‍ഥികള്‍ തമ്മിലും അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉടലെടുത്തു. അതില്‍ ചിലതൊക്കെ ഏറെ നേരം നീളുകയും ചെയ്തു. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്ന് ശൈത്യ ടാസ്കിന്റെ ഭാഗമായി തന്റെ ജീവിതം പറയാന്‍ തുടങ്ങിയപ്പോഴാണ്. ആക്റ്റിവിറ്റി ഏരിയയില്‍ തയ്യാറാക്കിയ സ്ഥലത്ത് ശൈത്യയ്ക്ക് ആദ്യം പറയാന്‍ കിട്ടിയ വിഷയം പ്രൊഫഷണല്‍ ലൈഫ് എന്നത് ആയിരുന്നു.
ശൈത്യ അത് സംസാരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ കേള്‍വിക്കാരനായി ഇരുന്ന ആര്യന് മുഖം പൊത്തി ചിരിക്കാന്‍ തുടങ്ങി. തൊട്ടടുത്ത് ഇരുന്ന ജിസൈല്‍ മിണ്ടാതിരിക്കാന്‍ പറയുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്ത് ഇരുന്ന കലാഭവന്‍ സരിഗയ്ക്കും ആര്യന് ചിരിക്കുന്നുവെന്ന് മനസിലായി. ഇത് പ്രശ്നമായേക്കുമെന്ന് മനസിലാക്കിയ സരിഗ ആര്യനോട് പിന്‍നിരയിലേക്ക് മാറി ഇരിക്കാന്‍ പറഞ്ഞു. എന്നാല്‍ ആര്യന് പിന്‍നിരയില്‍ ഇരിക്കുന്നതിന് പകരം നിലത്ത് ആദ്യം ഇരിക്കുകയും പിന്നീട് കിടക്കുകയുമാണ് ചെയ്തത്. അതിനാല്‍ത്തന്നെ പിന്നീട് ആര്യന്റെ മുഖം ക്യാമറകളിലൊന്നും വന്നില്ല.
എന്നാല്‍ ശൈത്യ ജീവിതം പറയുന്നതിനിടെ ആര്യനെ നോക്കി കലാഭവന്‍ സരിഗ ഇടയ്ക്ക് ചിരിച്ചു. ആര്യന് കസേരയില്‍ ഇരുന്ന് ആദ്യം ചിരിക്കുന്ന സമയത്ത് അത് ഷാനവാസും അഖ്ബറുമടക്കം പലരും കണ്ടിരുന്നു. ശൈത്യ സംസാരിക്കുന്നതിനിടയ്ക്ക് റെന ചിരിക്കുന്നത് അഭിലാഷും ശ്രദ്ധിച്ചിരുന്നു. ടാസ്കിന്റെ എന്‍ഡ് ബസര്‍ വന്നതിന് ശേഷം അഭിലാഷ് ആണ് ഇക്കാര്യം ചോദിക്കാന്‍ അരിശത്തോടെ ആദ്യം രംഗപ്രവേശം ചെയ്തത്.
ഒരാള്‍ സ്വന്തം വിഷമം പറയുന്നതിനിടെ അനവസരത്തില്‍ ചിരിച്ചതിനെ അഭിലാഷ് അതിശക്തമായി ചോദ്യം ചെയ്തു. റെനയുടെ കാര്യമാണ് അഭിലാഷ് ചൂണ്ടിക്കാട്ടിയത്. പിന്നാലെ ഒനീലും റെനയ്ക്ക് എതിരെ എത്തി. എന്നാല്‍ റെന പറയുന്നത് കേള്‍ക്കാന്‍ ഒനീല്‍ തയ്യാറായില്ല. ശൈത്യ സംസാരിക്കുന്നതിനിടെ ശരത്തിന്റെ മുഖഭാവം കണ്ടാണ് താന്‍ ചിരിച്ചതെന്നും അല്ലാതെ ശൈത്യ പറയുന്നത് കേട്ടല്ല ചിരിച്ചതെന്നും റെന പറഞ്ഞു.
ഇതിനിടെ ആര്യന്റെ ഭാഗത്തുനിന്നുള്ള സ്വയം ന്യായീകരണം ആകെ അംഗീകരിച്ചത് ജിസൈല്‍ മാത്രമായിരുന്നു. മസില് പെയിന്‍ കൊണ്ടുണ്ടായ പ്രതികരണമായിരുന്നു ആ ചിരി എന്നാണ് ആര്യന് ആദ്യം പറഞ്ഞത്. ആര്യനെ ന്യായീകരിച്ച ജിസൈലിനോട് വിഷയത്തില്‍ തങ്ങള്‍ക്കുള്ള അഭിപ്രായവ്യത്യാസം അക്ബറും ഷാനവാസും അടക്കമുള്ളവര്‍ രേഖപ്പെടുത്തി. ഒടുവില്‍ ബിന്നിയോട് ആര്യന് പറഞ്ഞത് തന്റെ ഭാഗത്തുനിന്ന് ഉണ്ടായത് വൈകാരികമായ ഒരുതരം പ്രതികരണമാണ് എന്നായിരുന്നു. സാഹചര്യത്തിന് വിപരീതമായി ചിലപ്പോള്‍ പ്രതികരിച്ചുപോകുമെന്നും ആര്യന് വിശദീകരിച്ചു.
ആര്യന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും അങ്ങനെയാണ് അനുഭവപ്പെടുന്നതെങ്കില്‍ ഒരു സൈക്കോളജിസ്റ്റിനെ കാണണമെന്നും ബിന്നി പറഞ്ഞു. സഹമത്സരാര്‍ഥി ജീവിതത്തിലെ പ്രയാസം കലര്‍ന്ന ഓര്‍മ്മ പങ്കുവെച്ചപ്പോള്‍ പൊട്ടിച്ചിരിച്ച പ്രവര്‍ത്തി ബിഗ് ബോസില്‍ ആര്യന്റെ മുന്നോട്ടുള്ള ദിവസങ്ങളെ പ്രശ്നത്തിലാക്കുമെന്ന് ഉറപ്പാണ്. വാരാന്ത്യ എപ്പിസോഡുകളിലും ഇത് ചര്‍ച്ചയാവും.