തിരുവനന്തപുരം: ബിഗ് ബോസ് ആറാം സീസണുമായി (Bigboss Malayalam Season6) ബന്ധപ്പെട്ടുയരുന്ന നിരന്തര വിവാദങ്ങളില്‍ അവതാരകന്‍ കൂടിയായ മോഹന്‍ലാലിന് കടുത്ത അതൃപ്തി. ഇക്കാര്യം ബന്ധപ്പെട്ടവരെ മോഹന്‍ലാല്‍ അറിയിച്ചു. കഴിഞ്ഞ സീസണിലെ വിജയിയായ അഖില്‍ മാരാരുടെ വെളിപ്പെടുത്തലാണ് ലാലിനേയും അസ്വസ്ഥപ്പെടുത്തുന്നത്. ഇത്തരം അനാവശ്യ വിവാദങ്ങള്‍ തന്നേയും ബാധിക്കുമെന്ന് ലാല്‍ വിലയിരുത്തുന്നു. ബിഗ് ബോസിലെ ഒരു തല്ലു കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി അഖില്‍ മാരാരും എത്തിയത്. അഖിലിന്റെ ആരോപണങ്ങള്‍ക്കെതിരെ ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ നിയമ പോരാട്ടത്തിനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ ഒരു ടെലിവിഷന്‍ ഷോയ്‌ക്കെതിരെ ഉയരാത്ത ആരോപണമാണ് ബിഗ് ബോസിനെതിരെ അഖില്‍ ഉയര്‍ത്തിയത്. റോക്കിയെന്ന മത്സരാര്‍ത്ഥി മറ്റൊരാളുടെ മുഖം ഇടിച്ച് പൊട്ടിച്ചത് വലിയ ചര്‍ച്ചയായി. റോക്കിക്കെതിരെ ആരും കേസ് കൊടുത്തില്ല. ഇതിനെതിരെ കൊച്ചിയിലെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മറ്റൊരാള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചു. ഹൈക്കോടതി കേസില്‍ മോഹന്‍ലാലിനേയും പരാതിക്കാരന്‍ കക്ഷിയാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അഖില്‍ മരാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്ന സിബിനെ പുറത്താക്കിയതിനെതിരെ ഗുരുതര ആരോപണമാണ് അഖില്‍ ഉന്നയിച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോയുടെ തലപ്പത്തിരിക്കുന്ന രണ്ട് പേര്‍ ചേര്‍ന്നാണ് സിബിനെ പുറത്താക്കാന്‍ ശ്രമമിച്ചതെന്നും പല നെറികേടുകളും ഷോയില്‍ ഇവര്‍ കാണിക്കുന്നുണ്ടെന്നും അഖില്‍ ആരോപിച്ചു.
‘റോബിന് പറ്റിയത് റോബിന്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ വായില്‍ തോന്നിയ വിവരക്കേടുകള്‍ വിളിച്ചുപറഞ്ഞു. അന്ന് അവനെ എല്ലാവരും അതുകൊണ്ട് പുച്ഛിച്ചു. ഞാന്‍ സംസാരിക്കുന്നത് എനിക്ക് ഉണ്ടാകാന്‍ പോകുന്ന എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാന്‍ തയ്യാറായിക്കൊണ്ടാണ്. ആരേയും തനിക്ക് ഭയമില്ല, സത്യം വിളിച്ചുപറയുക തന്നെ ചെയ്യും’ അഖിലിന്റെ കടന്നാക്രമണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ബിഗ് ബോസ് എന്ന ഷോയെ കുറിച്ചും ചാനലിന്റെ തലപ്പത്തിരിക്കുന്ന ചിലരുടെ നെറികേടുകള്‍ കൃത്യമായി അറിയാവുന്ന ആളാണ് ഞാന്‍. അതിനര്‍ത്ഥം അതുവെച്ചിട്ട് റോബിന്‍ പറഞ്ഞത് പോലെ നന്ദികേട് കാണിക്കരുതെന്ന് പറയാന്‍ വരരുത്. എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ബിഗ് ബോസിന്റേയോ ചാനലിന്റേയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല-അഖില്‍ പറയുന്നു.
എന്നെ സംബന്ധിച്ച് സിനിമ ചെയ്യാന്‍ നില്‍ക്കുന്നയാളാണ് ഞാന്‍. ചാനലുമായുള്ള എല്ലാ ബന്ധവും എനിക്ക് ഗുണകരമായി മാറുകയേ ഉള്ളൂ. ഇതെല്ലാം അറിഞ്ഞ് മിണ്ടാതെ നിന്നാല്‍ എന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ. റോബിന്‍ വ്യക്തിപരമായി ഉണ്ടായ ഒരു സംഭവത്തില്‍ പ്രതികരിച്ചത് പോലെയല്ല ഞാന്‍ ഇവിടെ പറയുന്നത്. എനിക്ക് വ്യക്തിപരമായി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മാത്രമല്ല എല്ലാവരുമായി സൗഹൃദം മാത്രമേ ഉള്ളൂ. ബിഗ് ബോസ് സീസണ്‍ 6 ന്റെ അമ്പതാം ദിവസത്തെ തുടര്‍ന്ന് ഷോയ്ക്ക് ആശംസ അറിയിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് അവര്‍ എന്നെ വിളിച്ചിരുന്നു. വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ് എന്നാലും എന്നെ ജനങ്ങള്‍ അറിയാന്‍ കാരണമായ ആ ഷോയോടുള്ള ഇഷ്ടം കൊണ്ട് വീഡിയോ എടുത്ത് അയക്കാമെന്ന് പറഞ്ഞ് വീഡിയോ അയച്ചയാളാണ് ഞാന്‍-അഖില്‍ പറയുന്നു.
ഇപ്പോള്‍ ഇത് പറയാന്‍ കാരണം ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ട സിബിനെന്ന് പറയുന്ന ചെറുപ്പക്കാരനെ ഭ്രാന്തനാക്കി ചിത്രീകരിച്ചുകൊണ്ട് തലപ്പത്തിരിക്കുന്ന ചിലര്‍ നടത്തിയ നെറികേടിനെതിരെ പറയാതിരിക്കാന്‍ എനിക്ക് ആവില്ല. ഇവന്‍മാര്‍ എന്റെ സിനിമയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരിക്കും. അങ്ങനെയെങ്കില്‍ സിനിമ വേണ്ടെന്ന് ഞാന്‍ വെയ്ക്കും. രണ്ടേ രണ്ട് പേരാണ് ഇതിന് പിന്നില്‍. ചാനലിന്റെ ആള്‍ ഇന്ത്യ ഹെഡൊക്കെ വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തോടും അവിടെയുള്ള മറ്റ് നല്ലവരായ മനുഷ്യരെയുമൊക്കെ ഓര്‍ത്തത് കൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത്-ഇങ്ങനെയായിരുന്നു അഖിലിന്റെ പ്രതികരണം.