ഓയില്‍ മസാജ് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. മുടി വളരാനും കൊഴിച്ചില്‍ നിര്‍ത്താനും ഇതേറെ ഗുണകരവുമാണ്. പാരമ്പര്യമായി മുടിയുടെ പ്രശ്‌നങ്ങള്‍ക്കുള്ള സംരക്ഷണവഴികളില്‍ പെടുന്ന ഒന്നാണ് ഓയില്‍ മസാജ്. ഓയില്‍ മസാജ് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. പ്രത്യേകിച്ചും വരണ്ട മുടിയെങ്കില്‍.
ഇത് പല രീതികളിലും ചെയ്യുന്നവരുണ്ട്. ചിലര്‍ എണ്ണ തലയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയും. എന്നാല്‍ മറ്റു ചിലരാകട്ടെ, രാത്രി തലയില്‍ എണ്ണ തേച്ച് കിടക്കുന്നവരുണ്ട്. മുടിയ്ക്ക് ഇതേറെ ഗുണകരമാണ് എന്നാണ് പൊതുവായി വിശ്വാസം. മുടി വളരാനും മുടിയ്ക്ക് എണ്ണയുടെ ഗുണം നല്‍കാനും ഇത് നല്ലതാണെന്നാണ് ഇത്തരം രീതി അവലംബിയ്ക്കുന്നതിന് പുറകിലെ കാരണം. എന്നാല്‍ വാസ്തവത്തില്‍ ഇതിന് പുറകില്‍ സത്യമുണ്ടോയെന്നാണ്.
രാത്രി മുഴുവന്‍ എണ്ണ പുരട്ടി കിടക്കുന്നത് കൊണ്ട് മുടിയ്ക്ക് പ്രത്യേകിച്ച ഗുണങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. ആയുര്‍വേദം പറയുന്നത് കുളിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രം മുടിയില്‍ എണ്ണ പുരട്ടിയാല്‍ മതിയാകുമെന്നാണ്. വരണ്ട സ്വഭാവമുള്ള മുടിയെങ്കില്‍ 1 മണിക്കൂര്‍, പിത്ത ശരീരപ്രകൃതമുള്ളവര്‍ക്ക് ഇത് 30-45 മിനിറ്റ് വരെ, എണ്ണമയമുള്ള മുടിയെങ്കില്‍ 15-20 മിനിറ്റ് വരെ മാത്രം മുടിയില്‍ എണ്ണ പുരട്ടിയാല്‍ മതിയാകും.
ജലദോഷം പോലുള്ള അവസ്ഥകളെങ്കില്‍ 15 മിനിറ്റ് മാത്രം എണ്ണ തേച്ചാല്‍ മതിയാകും. ഇവരില്‍ കഫദോഷമുണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്കും 10-15 മിനറ്റില്‍ കൂടുതല്‍ എണ്ണ പുരട്ടരുത്. കുട്ടികളിലും പൊതുവേ കഫദോഷം കണ്ടു വരുന്നുണ്ട്. ഇവരുടെ തലയില്‍ നീണ്ട സമയം എണ്ണ പുരട്ടി വയ്ക്കുന്നത് നല്ലതല്ല.
രാത്രി മുഴുവന്‍ തലയില്‍ എണ്ണ പുരട്ടി കിടക്കുന്നത് പൊതുവേ കഫദോഷം വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും. ഇത് ചുമ, തലവേദന, ജലദോഷം മുതലായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല, രാത്രിയില്‍ ഇതുപോലെ മുടിയില്‍ എണ്ണ പുരട്ടി കിടക്കുമ്പോള്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കുകയാണ് ചെയ്യുന്നത്.