കൊളസ്‌ട്രോൾ കുറയ്‌ക്കാം ഒരൊറ്റ ഇഞ്ചക്ഷനിൽ ; കൊഴുപ്പിന് സുരക്ഷിത പരിഹാരം

Written by Web Desk1

Published on:

ന്യൂഡൽഹി: കൊളസ്‌ട്രോൾ കുറയ്‌ക്കാനുള്ള ഇഞ്ചക്ഷൻ രാജ്യത്ത് ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ശരീരത്തിലെ മോശം കൊഴുപ്പിന്റെ (LDL) അളവിനെ കുറയ്‌ക്കാൻ കഴിയുന്ന ഇഞ്ചക്ഷനാണിത്. ഇൻക്ലിസിറൻ (Inclisiran) എന്നാണ് പേര്. മുംബൈയിലെ ആശുപത്രിയിൽ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

രക്തത്തിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഗുരുതരമായ രോഗാവസ്ഥകളിലേക്ക് വഴിവയ്‌ക്കുന്നതാണ്. ഒരാളുടെ ശരീരത്തിൽ കൊഴുപ്പ് കൂടുതലാണെന്ന് വ്യക്തമാക്കുന്ന ലക്ഷണങ്ങൾ പൊതുവെ കുറവായതിനാൽ മോശം കൊളസ്ട്രോളുണ്ടെന്നത് പെട്ടെന്ന് തിരിച്ചറിയാതെ പോവുകയും ചെയ്യും. അതുവഴി ഹൃദയാഘാതം ഉൾപ്പടെയുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഇൻക്ലിസിറൻ ഇഞ്ചക്ഷൻ സ്വീകരിക്കുന്നത് വഴി ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യതയെ ഇല്ലാതാക്കാനും സ്‌ട്രോക്ക് സംഭവിക്കുന്നത് തടയാനും സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

നേരത്തെ അമേരിക്കയിലും ബ്രിട്ടണിലും അവതരിപ്പിച്ചിട്ടുള്ള മരുന്നാണിത്. രോഗികളുടെ ശരീരത്തിലെ മോശം കൊഴുപ്പിനെ 50 ശതമാനം ഇല്ലാതാക്കാൻ മരുന്നിന് സാധിച്ചതായി വിദേശരാജ്യങ്ങളിൽ തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും പരീക്ഷിക്കാൻ ശ്രമം തുടരുന്നത്.

ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (DGCI) അനുമതി ലഭിച്ചാൽ ഇന്ത്യയിലും മരുന്ന് ലഭ്യമാകും. ഒരു ഇഞ്ചക്ഷൻ തയ്യാറാക്കുന്നതിനായി 1.2 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പറയപ്പെടുന്നത്. കരളിൽ ഉത്പാദിപ്പിക്കപ്പെടുന്ന PCSK9 എന്ന പ്രോട്ടീനാണ് ചീത്ത കൊഴുപ്പിന് പ്രധാന കാരണം. അതിനാൽ PCSK9 എന്ന പ്രോട്ടീനെ തടയുന്നത് വഴി കൊഴുപ്പിന്റെ അളവ് കുറയ്‌ക്കുകയാണ് ഇൻക്ലിസിറൻ ചെയ്യുന്നത്. ഇൻക്ലിസിറന്റെ രണ്ട് ഡോസുകളാണ് സ്വീകരിക്കേണ്ടതെന്ന് കമ്പനി പറയുന്നു.

Leave a Comment