രാമക്ഷേത്രം ഉയർന്നതോടെ വൻ വികസനവുമായി അയോധ്യ

Written by Web Desk1

Published on:

വിമാനത്താവളം, രണ്ട് വന്ദേ ഭാരത്, തകർപ്പൻ റോഡുകൾ……

ലഖ്നൗ: വർഷങ്ങൾക്ക് മുൻപേ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നഗരമാണ് അയോധ്യ. പക്ഷേ അവിടേക്ക് എത്തിപ്പെടാൻ മികച്ച ഗതാഗതമാർഗങ്ങളൊന്നും അടുത്തകാലം വരെ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ കഴിഞ്ഞകുറച്ചുനാളുകൾകൊണ്ട് പ്രത്യേകിച്ച് ആറുമാസംകൊണ്ട് ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് അയോധ്യയിലുണ്ടായത്. ഒരു വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു. രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കുതിച്ചെത്തി. മികച്ച നിലവാരത്തിലുള്ള നിരവധി റോഡുകൾ ഉയർന്നു. അതേ, രാമക്ഷേത്രത്തിനൊപ്പം തന്നെ അയോധ്യയിൽ വികസനത്തിന്‍റെ പാതയും തുറന്നിരിക്കുകയാണ്.

2019 നവംബറിലാണ് സുപ്രീംകോടതി അയോധ്യയിൽ രാമക്ഷേത്രത്തിനനുകൂലമായ വിധി പുറപ്പെടുവിക്കുന്നത്. വർഷങ്ങൾ നീണ്ട വിവാദങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ബാക്കിപത്രമായി വിധി വന്നതോടെ രാമക്ഷേത്ര നിർമാണം ആരംഭിച്ചു. അതോടൊപ്പം തന്നെ മേഖലയിലേക്ക് തീർഥാടകരുടെ സുഗമമായ യാത്ര ലക്ഷ്യമിട്ടുള്ള വികസന പദ്ധതികൾക്കും സർക്കാർ തുടക്കമിട്ടിരുന്നു.

കഴിഞ്ഞമാസമാണ് അയോധ്യയിൽ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 20 മാസങ്ങൾക്കൊണ്ട് റെക്കോഡ് വേഗതയിലാണ് അയോധ്യയിലെ ആദ്യവിമാനത്താവളം നിർമിച്ചത്. അതിനുമുമ്പ് അയോധ്യക്ക് തൊട്ടടുത്ത വിമാനത്താവളമെന്നത് ലഖ്നൗവിലായിരുന്നു. അതാകട്ടെ രാമക്ഷേത്രത്തിൽനിന്ന് 150 കിലോമീറ്റർ അകലെയാണ്. 2018ൽ ഖൊരഗ്പുരിൽ നിർമിച്ച വിമാനത്താവളത്തിലേക്കും ഇതേദൂരമുണ്ട്. അയോധ്യ വിമാനത്താവളം തുറന്നതോടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർക്ക് അയോധ്യയിലേക്ക് പറന്നിറങ്ങാൻ അവസരമൊരുങ്ങി.

വിമാനത്താവളത്തിനൊപ്പം അയോധ്യയിലേക്കുള്ള റെയിൽ കണക്ടിവിറ്റിയും ഈ അടുത്തകാലത്ത് മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകൾ നിലവിൽ അയോധ്യയിലേക്ക് സർവീസ് നടത്തുന്നത്. കഴിഞ്ഞവർഷം വരെ നഗരത്തിലേക്ക് ട്രെയിൻ സർവീസുും അധികം ഉണ്ടായിരുന്നില്ല. നിലവിൽ ഡൽഹി, കാൻപുർ, ലഖ്നൗ, ഗൊരഗ്പുർ തുടങ്ങിയ നഗരങ്ങളിൽനിന്ന് അയോധ്യയിലേക്ക് നേരിട്ട് ട്രെയിൻ സർവീസുണ്ട്.

ജൂലൈ 2023ൽ ലഖ്നൗ – ഗൊരഗ്പുർ റൂട്ടിലാണ് പ്രധാന ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഡിസംബർ 30ന് അയോധ്യയിൽ നിന്ന് ഡൽഹി ആനന്ദ് വിഹാറിലേക്ക് വന്ദേ ഭാരതും സർവീസ് ആരംഭിച്ചു. നിലവിൽ അയോധ്യയിൽ നിന്ന് ലഖ്നൗവിലേക്കും ഗൊരഗ്പുരിലേക്കും രണ്ട് മണിക്കൂർ ട്രെയിൻ യാത്രയേയുള്ളൂ. കാൻപൂരിലേക്കും മൂന്നര മണിക്കൂർ യാത്രയും ഡൽഹിയിലേക്ക് എട്ട് മണിക്കൂർ യാത്രയുമാണുള്ളത്.

അയോധ്യയിൽ ഇത്രയും കാലം റോഡ് ഗതാഗതം ഒറ്റവരിപ്പാതയിലായിരുന്നു. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ നവംബറിൽ സർക്കാർ പുതിയ നാലുവരിപ്പാത ഇവിടെ പ്രഖ്യാപിച്ചു. നഗരത്തിൽ ബൈപ്പാസിൽ ആറുവരിപ്പാത പദ്ധതിയും ആരംഭിച്ചതോടെ തന്ന നഗരത്തിന്‍റെ മുഖച്ഛായ മാറി.

Related News

Related News

Leave a Comment