കൊല്ലം: ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ മർദനമേറ്റ കൊല്ലം തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മരിച്ച സംഭവത്തിൽ 15 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹപ്രശ്നം പറഞ്ഞുതീർക്കുന്നതിനിടെയാണ് സിപിഎം നേതാവും തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ സലീം മണ്ണേലിന് മർദനമേറ്റത്.
മൂന്നാഴ്ച മുമ്പ് ആൻജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനായ സലീമിനെ ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റായിരുന്നു സലീം മണ്ണേൽ. ജമാഅത്ത് ഓഫീസിൽവെച്ച് നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ യുവതിയുടെ ബന്ധുക്കളാണ് സലീം മണ്ണേലിനെ ആക്രമിച്ചത്. ചവിട്ടി നിലത്തിടുകയും ശരീരത്തിൽ തുടരെ ചവിട്ടേൽക്കുകയും ചെയ്ത സലിമിന് ഗുരുതരമായ ആന്തരിക ക്ഷതമേറ്റു.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. തൊടിയൂർ പാലോലിക്കുളങ്ങര ജമാഅത്തിലെ ഒരു യുവാവും മറ്റൊരു ജമാഅത്തിൽ പെട്ട യുവതിയും തമ്മിലുള്ള വിവാഹപ്രശ്നം ഒത്തുതീർപ്പാക്കാനായാണ് മധ്യസ്ഥ ചർച്ച വെച്ചത്. എന്നാൽ ചർച്ചയ്ക്കിടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. സംഘർഷത്തിൽ വധുവിന്റെ ബന്ധു ജമാഅത്ത് ഓഫിസിലെ കസേര തല്ലിയൊടിച്ചു. ഇത് ചോദ്യംചെയ്ത സലിം മണ്ണേലിനെ ആളുകൾ മർദിക്കുകയും അദ്ദേഹം കുഴഞ്ഞു വീഴുകയുമായിരുന്നു.