ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി യു.എ.ഇ സർക്കാറിന്‍റെ സൈബർ സുരക്ഷാ സമിതി. ഇടപാടുകാർ ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാനും നടപടി വേണമെന്നും സൈബർ സുരക്ഷാ സമിതി നിർദേശിച്ചു.
സാമ്പത്തിക നഷ്ടത്തിനപ്പുറം വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടക്കം അപകടത്തിലാകുന്ന തലം ക്രിപ്റ്റോ തട്ടിപ്പുകൾക്കുണ്ടെന്ന് സൈബർ സുരക്ഷാ സമിതി ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു. അടുത്തിടെ പുറത്തുവന്ന കണക്കുകളും പഠനങ്ങളും ഈ അപകടസാധ്യതകൾ വ്യക്തമാക്കുന്നതായും ഡിജിറ്റൽ കറൻസികളിലെ തട്ടിപ്പുകളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചുള്ള വർധിച്ച ആശങ്കകളുടെ വെളിച്ചത്തിലാണ് നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.