രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026-ഓടെ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ സർവീസ് ഗുജറാത്തിലെ സൂററ്റിനും ബിലിമോറയ്ക്കും ഇടയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2026-ൽ സൂററ്റിനും ബിലിമോറയ്ക്കും ഇടയിലായി ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്താനുള്ള ഒരുക്കത്തിൽ ആണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കൂടാതെ ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള 270 കിലോമീറ്റർ ഗ്രൗണ്ട് വർക്ക് ഇതിനകം പൂർത്തിയായിട്ടുണ്ട്.
270 കിലോമീറ്റർ നീളമുള്ള വയർ ഡക്‌റ്റ് വിജയകരമായി സ്ഥാപിച്ചു. ഷെഡ്യൂൾ അനുസരിച്ച് മറ്റു പണികൾ പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മുംബൈ-താനെ കടലിനടിയിലെ തുരങ്കം പണിയും ആരംഭിച്ചു. പാതയിലെ എട്ട് നദികൾക്ക് മുകളിലൂടെയുള്ള പാലങ്ങളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുന്നുണ്ട്. രണ്ടെണ്ണം ഇതിനകം പൂർത്തിയായി. സബർമതി ടെർമിനൽ സ്‌റ്റേഷനും ഏതാണ്ട് അവസാനഘട്ടത്തിലാണ്,”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലൂടെയാണ് ബുള്ളറ്റ് ട്രെയിൻ കടന്നുപോകുക. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിക്കുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായും ജനുവരി 8-ന് റെയിൽവെ മന്ത്രാലയം അറിയിച്ചിരുന്നു. നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷൻ ലിമിറ്റഡിന്റെ (എൻഎച്ച്എസ്ആർസിഎൽ) നേതൃത്വത്തിലുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴി 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ്. കേന്ദ്ര സർക്കാരിന്റെ 10,000 കോടി രൂപയും ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് 5,000 കോടി രൂപ വീതവും പദ്ധതിയ്ക്കായി ചെലവഴിക്കും. ഇതിനുപുറമേയുള്ള തുക, ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി ആണ് 0.1 ശതമാനം പലിശ വായ്പയിലൂടെ നൽകുക.