ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഴിമതിയുടെ ‘ശരവണ പ്രഭാവം ‘;ദർശനത്തിനെത്തിയവരുടെ തല എണ്ണി ശരവണനും സംഘവും കീശയിലാക്കിയത് 11,500 രൂപ!

Written by Taniniram

Updated on:

‘ദർശന മാഫിയ’ പ്രവർത്തിക്കുന്നതായി ടെംബിൾ പോലീസ്

ഫോർട്ട് പോലീസ് കേസെടുത്തു

എസ്.ബി.മധു

ലോകം കൈകൂപ്പുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നാണം കെട്ട വമ്പൻ അഴിമതി വാർത്ത ‘തനിനിറം’ പുറത്തുവിടുന്നു.

തിരുവിതാംകൂർ രാജകുടുംബം, ക്ഷേത്രം ഭരണ സമിതി, ടെംബിൾ പോലീസ്, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ ഒറ്റക്കെട്ടായി കണ്ണിൽ എണ്ണ ഒഴിച്ച് നോക്കിയിട്ടും ക്ഷേത്രത്തിലെ ഒരു വിഭാഗം ജീവനക്കാരും ബാഹ്യശക്തികളും ചേർന്ന് ഒരുക്കുന്ന അഴിമതിയും മറ്റും ഒതുക്കാൻ കഴിയാത്തത് ഇൻ്റലിജൻസ് തലവന്മാരെ പോലും അമ്പരിപ്പിക്കുന്നു. ശതകോടികളുടെ മുത്തും പവിഴവും ശ്രീപത്മനാഭന് സ്വന്തമാണ്. ക്ഷേത്രത്തിലെ മണൽ തരികൾ പോലും അത്രമേൽ പവിത്രമായതു കൊണ്ടു തന്നെ ക്ഷേത്ര ദർശനം കഴിയുമ്പോൾ ഓരോ രാജകുടുംബാംഗവും തങ്ങളുടെ കാലിൻ്റെ അടിയിൽ പറ്റിപിടിക്കുന്ന മണ്ണ് ക്ഷേത്രത്തിനുള്ളിൽ തന്നെ കുടഞ്ഞിടും. ഓരോ മണൽ തരിയും ക്ഷേത്രാങ്കണത്തിൽ വീണു കഴിഞ്ഞുവെന്നു ഉറപ്പായ ശേഷം അവർ കൊട്ടാരത്തിലേക്ക് മടങ്ങും. ചില്ലറയല്ല ബാഹ്യ ഇടപെടലുകളുടെ കരുത്ത്. ശ്രീ പത്മനാഭനെ ഒരു നോക്ക് കാണാൻ ലക്ഷങ്ങൾ നൽകുന്ന വൻകിട വ്യവസായികളും വടക്കേ ഇൻഡ്യയിലെ രാഷ്ട്രീയ പ്രമുഖരും ഉണ്ടെന്നു പറഞ്ഞാൽ അൽഭുതപ്പെടേണ്ടതില്ല. ഉദ്യോഗസ്ഥ പ്രമാണിമാരും അവരുടെ ബന്ധുക്കളും വരുമ്പോൾ ‘സൗകര്യപ്രദ ‘മായ ദർശന സുഖം ഒരുക്കാൻ മൽസരിക്കുന്ന ക്ഷേത്രം ജീവനക്കാരിൽ നിന്നാണ് അഴിമതികളുടെ തുടക്കം. ഇവിടെ നിന്ന് ആരംഭിച്ച ആ വഴിവിട്ട ദർശന സൗഭാഗ്യം ചെന്നെത്തുന്നത് സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഇടങ്ങളാണ്. ഉന്നതരാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിമാരുടെയും ഡിജിപിമാരുടെയും വീടുകളിലും ഓഫീസുകളിലും ഇവർ കയറി ഇറങ്ങുന്നത് വൻ പുലികളെ പോലെയാണ്. പാൽപായസവും മേനി വഴിപാടുകളും ഇവരുടെ വീടുകളിൽ കൃത്യമായി എത്തിക്കും. (ഈ വഴിപാടുകൾക്ക് പണം മുടക്കുന്നത് മറ്റ് ഭക്തന്മാരും ).
സ്ത്രീകളുടെ ഭക്തി പാരവശ്യത്തെ മുതലെടുക്കും. അടുത്തിടെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് പായസം എത്തിക്കാനുള്ള തർക്കം ഇവർക്കിടയിൽ സംഘർഷത്തിന് ഇടയാക്കി. മതിലകം ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള വിഐപികളുടെ ഫോൺ നമ്പർ കരസ്ഥമാക്കി രാജ്യത്തിൻ്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ളവരുമായി സൗഹൃദവും പിന്നീട് വൻ ബിസിനസും ആരംഭിക്കും. ഈ ഗൂഢസംഘത്തെ തടയാൻ ശ്രമിക്കുന്നവർക്കെതിരെ ഊമക്കത്തുകൾ അസ്ത്രങ്ങൾ പോലെ പായിക്കും.

കഴിഞ്ഞ ദിവസം സംഭവിച്ച ശരവണ ‘മഹാത്മ്യം’ എന്ത്? അറിഞ്ഞിരിക്കണം ആ തന്ത്രം!

തീയതി: 12/1/2024.
സമയം: രാവിലെ 8.15 .
മഹാരാഷ്ട്ര സ്വദേശി സുജിത് ഗോരഖ് കാർക്കഡെ അദേഹത്തിൻ്റെ വൃദ്ധനായ അഛനും മറ്റ് 23 പേരുമായി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തുന്നു. ക്ഷേത്രത്തിനുള്ളിൽ എത്തിയ ഇവരെ ജീവനക്കാരനായ ശരവണൻ സമീപിക്കുന്നു. വിഐപി ദർശനം ഒരുക്കി തരാമെന്നും ടിക്കറ്റ് ഒന്നിന് 500 രൂപ വച്ച് നൽകണമെന്നും ആവശ്യപ്പെടുന്നു. ദൈവത്തെ കാണാനുള്ള വ്യഗ്രതയിൽ 23 പേരും 11,500 രൂപ ശരവണനെ ഏൽപ്പിക്കുന്നു. തുക വാങ്ങി മടിയിൽ തിരുകിയ ശേഷം ഇവരുമായി വടക്കേ നട കവാടം വഴി പ്രത്യേക ക്യൂവിൽ കയറ്റി നിർത്തുന്നു. പക്ഷേ , ഇവിടെയാണ് ട്വിസ്റ്റ്. ഒറ്റകൽ മണ്ഡപത്തിൽ എത്തിയ ഇവരെ ടിക്കറ്റില്ലാത്തതിനെ തുടർന്ന് തടയുന്നു. ദർശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ സുജിത്തും സംഘവും ശരവണനെ അന്വേഷിക്കുന്നു. പണം വാങ്ങിയ ശരവണൻ ഇതിനിടയിൽ മുങ്ങുന്നു. സംഭവം മണത്തറിഞ്ഞ ക്ഷേത്രം ഡിസിപി: അജിത് മോഹൻ അന്വേഷണത്തിന് ഉത്തരവിടുന്നു. പോലീസിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ മണിയൻ തുക വാങ്ങുന്നതും മടിയിൽ തിരുകി വയ്ക്കുന്നതും തെളിയുന്നു. തുടർന്ന് വിവരം ഫോർട്ട് എസ്എച്ച്ഒയെ അറിയിക്കുന്നു.

കമ്മിഷണർ നാഗരാജുവും ഫോർട്ട് പോലീസും

ക്ഷേത്രം അധികാരികൾ അറിയാതെ ,ശരവണൻ കോഴ വാങ്ങിയ സംഭവത്തിൽ കേസെടുക്കണമെന്ന ടെംബിൾ പോലീസിൻ്റെ ആവശ്യത്തിന് മേൽ ഫോർട്ട് പോലീസ് മടിച്ചു നിൽക്കുന്നു. കേസെടുപ്പിക്കാതിരിക്കാൻ ഗൂഢസംഘം അണിയറയിൽ കരുക്കൾ നീക്കുന്നു. പരാതിക്കാർ പാതി വഴിയിലും. ദർശനവും നടന്നില്ല, അപമാനവും ധനനഷ്ടവും. ഈ വിവരം ടെംബിൾ പോലീസ് കമ്മിഷണർ സിഎച്ച്.നാഗരാജുവിനെ അറിയിക്കുന്നു. ക്ഷുഭിതനായ കമ്മിഷണർ എസിപിയോടു കേസ് രജിസ്ട്രർ ചെയ്യാൻ ആവശ്യപ്പെടുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ ശരവണനെതിരേ കേസ് എടുക്കുന്നു.

അണിയറയിൽ വമ്പന്മാർ
പത്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗൂഢസംഘത്തെ സഹായിക്കാൻ പോലീസിലും ആളുണ്ട്. പോലീസിലെ ആൾക്കാരുടെ ബന്ധുക്കൾക്ക് വ്യവസായികളോടും രാഷ്ട്രീയ നേതാക്കളോടും പറഞ്ഞ് ജോലി തരപ്പെടുത്തി കൊടുക്കുമ്പോൾ ഈ ഉദ്യോഗസ്ഥർ ഗൂഢസംഘത്തിൻ്റെ കാൽക്കീഴിലാവുന്നു.

ശക്തരായ എക്സി.ഓഫീസറും ഭരണസമിതിയും ടെംബിൾ പോലീസും

ഭരണസമിതിയുടെ ശക്തമായ ഇടപെടലും പുതിയതായി ചുമതലയേറ്റ എക്സിക്യൂട്ടീവ് ഓഫീസർ മഹേഷും ടെംബിൾ ഡിസിപി അജിത് മോഹനും എസിപി സന്തോഷ് കുമാറും ആണ് അമ്പലത്തിലെ ബാഹ്യശക്തികളുടെ നോട്ട പുള്ളികൾ. പുതിയ ഭരണസമിതിയംഗം തുളസി ഭാസ്കർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ക്ഷേത്രത്തിൻ്റെ പുരോഗതി മാത്രമാണ് തുളസി ഭാസ്കർ ലക്ഷ്യം വയ്ക്കുന്നത്. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മയും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ആ വിരുതൻ ആര്?

പൂജകൾ ഒരുമിച്ച് ബുക്ക് ചെയ്ത് അന്യസംസ്ഥാനങ്ങളിലെ നിഷ്കളങ്കരായ ഭക്തന്മാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ‘ഒരു വിരുതനെ ‘ എതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ സംഘടന അഴിമതിക്കെതിരെ നിൽക്കുന്നു എന്നതാണ് ഏക ആശ്വാസം.

പഴയ എക്സി.ഓഫീസർമാർ

നേരത്തെ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് ഓഫീസർമാരാണ് ഇന്നത്തെ അഴിമതി പ്രവണതയ്ക്ക് കാരണം. ഐഎഎസുകാരായ ഒരു മുൻ എക്സിക്യൂട്ടിവ് ഓഫീസർ ക്ഷേത്രത്തിലെ പ്രധാന ഉൽസവ നടത്തിപ്പുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ പോക്കറ്റിലാക്കി. ക്ഷേത്രത്തിനായി ലഭിക്കുന്ന വൻ തുകകളും മറ്റും ഇവരും ശിങ്കടികളും കീശയിലാക്കും. ക്ഷേത്രത്തിൽ തൊഴാൻ എത്തുന്ന സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിക്കുന്നവരും ഈ ഗൂഢസംഘത്തിലുണ്ടായിരുന്നു. പുതിയ ഭരണസമിതി ഇത്തരക്കാരെ അരിഞ്ഞു വീഴ്ത്തുകയായിരുന്നു.

മാഫിയ പ്രവർത്തിക്കുന്നതായി ടെംബിൾ പോലീസ്

ക്ഷേത്രത്തിനുള്ളിൽ അഴിമതിക്കാരായ ജീവനക്കാർ ഉള്ളതായി ടെംബിൾ പോലീസ്. ഉൽസവ ദിവസങ്ങളിലും വിശേഷ ദിനങ്ങളിലും അമ്പല മാഫിയ ശക്തമാണെന്നാണ് വിലയിരുത്തൽ. ഇവരുടെ പട്ടിക തയ്യാറാക്കി വരികയാണ്.

Related News

Related News

Leave a Comment