ഭരണം തിരിച്ചുപിടിക്കണോ?
പാർട്ടി നേതൃത്വം യുവാക്കൾ പിടിച്ചെടുക്കണമെന്ന് ചെറിയാൻ ഫിലിപ്പ് .
തിരുവനന്തപുരം: ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം യുവാക്കൾ പിടിച്ചെടുക്കണമെന്ന ആഹ്വാനവുമായി ചെറിയാൻ ഫിലിപ്പ്. പാർട്ടിയുടെ അമരത്ത് വർഷങ്ങളായി പൊടിപിടിച്ചു കിടക്കുന്ന വൃദ്ധ നേതൃത്വത്തിനെതിരായ കലാപഹ്വാനമായി ചെറിയാൻ്റെ ഫേസ് ബുക്ക് കുറിപ്പ്. ……
ഭരണ വിരുദ്ധ വികാരം ആളി കത്തുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ ജനഹിതം മാനിച്ചുള്ള പുതിയ കർമ്മമാർഗ്ഗങ്ങൾ സ്വീകരിച്ചാൽ യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും വീണ്ടും സമൂഹത്തിലെ തിരുത്തൽ ശക്തിയാവാൻ കഴിയും. ഈ ജനാധിപത്യ യുഗത്തിലും അധികാരം സർവാധിപത്യം ആക്കുന്നവർക്കെതിരെ പോരാടേണ്ടത് യുവാക്കളുടെ കടമയാണ്.
കേരളത്തിലെ കോൺഗ്രസിൽ സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും ഒരു തലമുറ മാറ്റം അനിവാര്യമാണ്. കാൽറ്റാണ്ടിലേറെയായി യുവാക്കളെ അവഗണിച്ചതാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം. യൂത്ത് കോൺഗ്രസിനെയും കെ.എസ്.യുവിനെയും വന്ധ്യംകരിച്ചതിനാൽ പുതുരക്തപ്രവാഹം നിലച്ചു. ഒരു യുവജന മുന്നേറ്റത്തിലൂടെ മാത്രമേ കോൺഗ്രസിന് തിരിച്ചു വരാനാവൂ.
കോൺഗ്രസിലെ അധികാര കുത്തകയെ വെല്ലുവിളിക്കാനുള്ള ആർജ്ജവമാണ് ഇന്നത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ കാട്ടേണ്ടത്. സ്വന്തം സ്ഥാപിത താല്പര്യം മാത്രം സംരക്ഷിക്കുന്ന കോൺഗ്രസിലെ ഗ്രൂപ്പു നേതാക്കളുടെ അടിമകളായി യൂത്ത് കോൺഗ്രസ് വ്യക്തിത്വം ബലി കഴിക്കരുത്.