ഈ അടുത്ത കാലത്ത് ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്തയത്ര ഹൈപ്പാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ ‘മലൈക്കോട്ടൈ വാലിബന്’ ലഭിക്കുന്നത്. ജനുവരി 25ന് സിനിമ തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ആരവത്തിലാണ് സിനിമാലോകം. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നിർമ്മാതാവും നടനുമായ വിജയ് ബാബു പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
മോഹൻലാലിനൊപ്പം സാധാരണ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന രീതിയിൽ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ലിജോ ജോസ് പെല്ലിശേരി തന്നോട് വർഷങ്ങൾക്ക് മുന്നേ പറഞ്ഞിട്ടുണ്ട്. മലൈക്കോട്ടൈ വാലിബന്‍ താന്‍ കണ്ടിട്ടില്ല. അന്ന് കേട്ട പതിപ്പ് രോമാഞ്ചമുണ്ടാക്കുന്നതാണെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് ബാബു പറഞ്ഞു.
‘ടിനുവുമായി സംസാരിച്ചതിൽ നിന്നും ഇത് വേറെ ലെവൽ പടമായിരിക്കും എന്നതിൽ സംശയമില്ല. അതല്ലേ ഞങ്ങൾ (ഖൽബ്) രണ്ടാഴ്ച മുന്നേ അങ്ങ് ഇറങ്ങി പോന്നത്. അതൊക്കെ ഇറങ്ങി കഴിഞ്ഞ് എന്ന് വരാനാ ? രാജധാനി വരുമ്പോൾ അതിന് മുന്നിൽ കയറി നിൽക്കരുത് എന്നാണല്ലോ,’ വിജയ് ബാബു പറഞ്ഞു.
ബിഗ് സ്ക്രീനില്‍ വിസ്മയങ്ങള്‍ തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. എൽജെപിക്കൊപ്പം മോഹൻലാൽ ഒന്നിക്കുന്നത് തന്നെയാണ് സിനിമയ്ക്ക് മേൽ പ്രതീക്ഷയുടെ ഭാരമേൽക്കാനുള്ള കാരണം.
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് മലൈക്കോട്ടൈ വാലിബന്‍ തിയറ്ററില്‍ എത്തുക. ശേഷമുള്ള മൂന്ന് ദിവസവും അവധി ദിവസങ്ങളാണ്. അതുകൊണ്ട് തന്നെ ഹൈപ്പിനൊത്ത് സിനിമ പ്രതികരണങ്ങൾ നേടിയാൽ കേരള ബോക്സ് ഓഫീസിൽ മോഹൻലാലിന്റെ അടുത്ത വിസ്മയമാകും വാലിബൻ എന്നാണ് വിലയിരുത്തൽ.