കണ്ണുചിമ്മാതെ കാണാം 
നാടുകാണി വിസ്‍മയം

Written by Web Desk1

Published on:

മൂലമറ്റം : കണ്ണു ചിമ്മുമ്പോൾ സൂര്യപ്രകാശവും കോടമഞ്ഞും മാറിമാറിയെത്തും. തണുത്ത കാറ്റ് തലമുടി നാരുകളെ വരെ കുളിർപ്പിക്കും. നാടുകാണി സഞ്ചാരികൾക്ക് സമ്മാനിക്കുന്ന കാഴ്‌ചകളും അനുഭൂതിയും ഒന്നല്ല, പലതാണ്. തൊടുപുഴ, ഇടുക്കി റോഡിലാണ് ‘നാട് കാണാൻ’ എന്നർഥം വരുന്ന നാടുകാണി. മൂലമറ്റത്തുനിന്നുള്ള 12 ഹെയർപിൻ പിന്നിട്ട്‌, മലനിരകളിലൂടെയുള്ള ത്രില്ലിങ് ഡ്രൈവിന് ശേഷം നാടുകാണിയിൽ നിങ്ങൾക്ക് വിശ്രമിക്കാം.

അടുത്തുനിൽക്കുന്ന ആളെപ്പോലും കാണാനാവാത്ത രീതിയിൽ മഞ്ഞുവന്ന് പൊതിയും. ഇടുക്കി, എറണാകുളം ജില്ലകളുടെ പനോരമിക് കാഴ്ച നൽകുന്ന നാടുകാണി മലനിരകൾ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3000 അടി ഉയരത്തിലാണ്. ഈ ഹിൽ സ്റ്റേഷനിൽനിന്ന് മുവാറ്റുപുഴയാർ, മൂലമറ്റം നഗരം, മലങ്കര റിസർവോയർ, ആകാശം തൊട്ടുകിടക്കുന്ന മനോഹര മലനിരകൾ തുടങ്ങിയ വിസ്‍മയങ്ങൾ ആസ്വദിക്കാം. സഞ്ചാരികൾക്ക് നാടുകാണിയിലെ മലമ്പ്രദേശങ്ങളിൽ ട്രെക്കിങ്ങും നടത്താം. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് നാടുകാണി അതിമനോഹര സൗന്ദര്യം വിടർത്തുക.

പവിലിയൻ നശിക്കുന്നു കാഴ്‍ചകൾ ഏറെയാണെങ്കിലും നാടുകാണി പവിലിയൻ നാശത്തിന്റെ വക്കിലാണ്. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കളിപ്പാട്ടങ്ങളടക്കം നശിക്കുന്നു. ലോറേഞ്ച്, ഹൈറേഞ്ചുകളുടെ ഇടത്താവളമായ നാടുകാണി പവിലിയൻ സന്ദർശിക്കാൻ ഒട്ടേറെ ആളുകളാണ് എത്തുന്നത്. ഇവിടെ ഒരു ബൈനോകുലറും സ്ഥാപിച്ചിരുന്നതാണ്. ഇത് തകരാറായി വർഷങ്ങൾ കഴിഞ്ഞു. മറ്റൊന്ന് സ്ഥാപിക്കാനായിട്ടില്ല. എറണാകുളം വരെയുള്ള പ്രദേശങ്ങൾ ഇവിടെനിന്നും കാണാമായിരുന്നു. തൊടുപുഴ – പുളിയന്മല സംസ്ഥാന പാതയോരത്തിന് സമീപമാണ് പവിലിയൻ. കനേഡിയൻ എൻജിനിയർമാർ പണിത കെട്ടിടമാണിത്. ഉയരം കൂടിയ പാറകളിൽ ഒന്നിലാണ് പവിലിയൻ നിലയുറപ്പിച്ചിരിക്കുന്നത്.

Leave a Comment