അടിമുടി മാറ്റത്തോടെ നവകേരള ബസ് ….

Written by Web Desk1

Published on:

തിരുവനന്തപുരം : ഒരു മാസത്തോളം കേരള രാഷ്ട്രീയത്തിൽ ‘നിറഞ്ഞുനിന്ന’ നവകേരള ബസ് വീണ്ടും ‘പണിക്കു കയറ്റി’. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ബെംഗളൂരുവിലെ ബസ് നിർമാണ കമ്പനിയിലെത്തിച്ചു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുന്നതിനു മുന്നോടിയായാണ് അറ്റകുറ്റപ്പണി.

യാത്രയ്ക്കു മുൻപേ വാർത്തകളിൽ ഇടംപിടിച്ച മുഖ്യമന്ത്രിയുടെ ‘കറങ്ങുന്ന സീറ്റി’ലും ബസിലേക്കു കയറാൻ സഹായിക്കുന്ന ‘ലിഫ്റ്റി’ലും ഉൾപ്പെടെ മാറ്റങ്ങൾ വരുത്തും. ഈ സീറ്റ് ഇളക്കി മാറ്റി പാപ്പനംകോടുള്ള സെന്‍ട്രല്‍ വര്‍ക്സില്‍ സൂക്ഷിക്കാനാണ് തീരുമാനം. ബസിന്‍റെ ചില്ലുകള്‍ മാറ്റുമെങ്കിലും ശുചിമുറി നിലനിര്‍ത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് തിരികെ കേരളത്തിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നവകേരളസദസ്സിന്റെ എറണാകുളം പര്യടനം അവസാനിച്ചതിനു പിന്നാലെയാണ് ബസ് ‘മുഖം മിനുക്കാൻ’ കൈമാറിയത്. ഒരു കോടി അഞ്ചുലക്ഷം രൂപ ചിലവഴിച്ച് തയ്യാറാക്കിയ ബസ് ബെംഗളൂരുവിലെ എസ്.എം. കണ്ണപ്പ ഓട്ടോമൊബൈല്‍സാണ് സജ്ജമാക്കിയത്. ബസ് വാങ്ങിയതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതേസമയം, ബസ് നവകേരള യാത്രയ്ക്കു ശേഷം കെഎസ്ആർടിസിക്കു കൈമാറുമെന്ന് സർക്കാർ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു

Leave a Comment