കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിന് മുസ്‌കാന്‍ സര്‍ട്ടിഫിക്കറ്റ്…നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ആശുപത്രി

Written by Taniniram

Published on:

തിരുവനന്തപുരം : ആദ്യമായി സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്കാൻ സർട്ടിഫിക്കേഷൻ ലഭ്യമായതായി ആരോഗ്യമന്ത്രി വീണ ജോർജ്. മികച്ച ശിശു സൗഹൃദ സേവനങ്ങൾക്കാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ നൽകുന്നത്. 96 ശതമാനം സ്കോറോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഐ.എം.സി. എച്ച് ആശുപത്രിയാണ് സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയത്.

കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളേജുകളിലും ജില്ലാ, താലൂക്കുതല ആശുപത്രികളിലും ശിശു സൗഹൃദ നയം നടപ്പിലാക്കി ഗുണനിലവാരമുള്ള ചികിത്സ കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുമെന്നും കൂടുതൽ ആശുപത്രികൾക്ക് ദേശീയ മുസ്ക‌ാൻ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിന് പരിശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം രാജ്യത്ത് കേരളമാണ്. ഇതുവരെ 45 സർക്കാർ സ്വകാര്യ ആശുപത്രികൾക്കാണ് മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമായത്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് മുസ്കാൻ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

എസ്.എൻ.സി.യു.കൾ, എൻ.ബി.എസ്.യു. കൾ, പ്രസവാനന്തര വാർഡുകൾ, പീഡി യാട്രിക് ഒപിഡികൾ, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് മുസ്‌കാൻ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

Leave a Comment