ദാസേട്ടൻ പറഞ്ഞ ഒരു വാക്ക് മാത്രം എനിക്ക് പാലിക്കാനായില്ല’: ഗുരുനിന്ദയല്ലെന്ന് ചിത്ര

Written by Web Desk1

Published on:

ഗുരുതുല്യനും ദൈവതുല്യനുമായ ദാസേട്ടൻ നൽകിയ എല്ലാ ഉപദേശങ്ങളും അക്ഷരം പ്രതി അനുസരിച്ചിട്ടുണ്ട്. സംഗീത വഴിയിൽ ഇതുവരെയുള്ള യാത്രയിൽ വലിയ ഊർജ്ജമായിരുന്നു ആ ഉപദേശങ്ങൾ. പക്ഷേ അദ്ദേഹം പറഞ്ഞ ഒരു വാക്ക് മാത്രം പാലിക്കാനായില്ല. അത് ഗുരുനിന്ദയല്ല, ചില പരിമിതികൾ കാരണം മാത്രം

പാട്ടുകളുടെ നല്ല തിരക്കുള്ള കാലത്താണ് ദാസേട്ടൻ അത് പറഞ്ഞത്. കർണാടക സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കാനും കച്ചേരികൾക്ക് തയ്യാറെടുക്കാനും. കച്ചേരിയും ചലച്ചിത്ര ഗാനങ്ങളും ഒരുമിച്ച് കൊണ്ടുപോവുക എനിക്ക് പ്രയാസമായിരുന്നു. ലളിത സംഗീതവുമായി സമന്വയിച്ച് പോകുന്ന എന്റെ ശബ്ദത്തിന് കർണാടക സംഗീതത്തിന്റെ വഴിയേ സഞ്ചരിക്കുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവും. ഈ പരിമിതി അറിയാവുന്നതിനാൽ കച്ചേരിയുടെ പാത പിന്തുടരാനായില്ല.

അദ്ദേഹം അതിന്റെ പേരിൽ പരിഭവിച്ചിട്ടൊന്നുമില്ല. എനിക്കാണ് വിഷമം, ആ ഉപദേശം പാലിക്കാത്തതിൽ.മലയാള നാടിന് കിട്ടിയ പുണ്യമല്ലേ ആ ശബ്ദം. എത്രയെത്ര ഗായകർ നമുക്കുണ്ടെങ്കിലും ദാസേട്ടന്റെ ശബ്ദമാധുരിയുമായി ഉപമിക്കാൻ അതൊന്നും പോര. അദ്ദേഹത്തെക്കുറിച്ച് എത്ര കാലങ്ങളായി പറയുന്നു, പുതുതായി ഒന്നും പറയാൻ ആർക്കുമുണ്ടാവില്ല.

എങ്കിലും ശബ്ദത്തിന്റെ മധുരിമ നിലനിർത്താനുള്ള അദ്ദേഹത്തിന്റെ ത്യാഗം ഒന്നു വേറെ തന്നെയാണ്. എല്ലാ ദിവസങ്ങളിലും പരിശീലനം.അതിപുലർച്ചെയൊക്കെ എത്ര സമയമാണ് പരിശീലനം. പരിപാടികളുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കൃത്യ നിഷ്ഠ എടുത്തുപറയാതെ വയ്യ. പരിപാടിക്ക് പോകാൻ വാഹനം വരുമെന്ന് പറയുന്ന സമയത്ത് അദ്ദേഹം റെഡിയായിരിക്കും. അൽപ്പമൊന്നു വൈകിയാൽ സംഗതിയാകെ മാറും.

വിദേശത്ത് പോകുമ്പോൾ ശനി, ഞായർ ദിവസങ്ങളിലാവും സ്റ്റേജ് പ്രോഗ്രാമുകൾ. മറ്റു ഗായകരൊക്കെ ഇതിനിടയിൽ കിട്ടുന്ന ദിവസങ്ങൾ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒക്കെ കാണാൻ മാറ്റിവയ്ക്കുമ്പോൾ ദാസേട്ടൻ മുറിയിൽ തന്നെയാവും. ഓരോ ദിവസവും ഒരു കീർത്തനമെങ്കിലും പഠിക്കും. കച്ചേരിയാണെങ്കിൽ പ്രത്യേകിച്ചും. സംഗീതത്തിനായി ഉഴിഞ്ഞുവച്ച പുണ്യ ജീവിതമാണ് അദ്ദേഹത്തിന്റേത്.റെക്കോർഡിംഗിന് സ്റ്റുഡിയോകളിൽ ശ്രദ്ധിക്കേണ്ട ചെറിയ കാര്യങ്ങൾ പോലും വളരെ ഗൗരവത്തോടെ പറഞ്ഞു തരും.

ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾ വരാതിരിക്കാൻ മൈക്കുമായി എത്ര അകലം പാലിക്കണമെന്നും വാക്കുകളും അക്ഷരങ്ങളും എങ്ങനെയൊക്കെ ഉച്ചരിക്കണമെന്നും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ അദ്ദേഹം നൽകും. ഇതിലേറെ ആ പുണ്യത്തെക്കുറിച്ച് എന്ത് പറയാൻ. മലയാളിക്ക് ജീവിതത്തിൽ ഒഴിവാക്കാനാവാത്ത സുപ്രധാന കാര്യങ്ങളിൽ ഒന്ന് ദാസേട്ടന്റെ പാട്ടുകളാണ്. എക്കാലവും നമ്മോടൊപ്പം അദ്ദേഹമുണ്ടാവണമെന്നതാണ് ആഗ്രഹം. സർവശക്തൻ അദ്ദേഹത്തിന് ദീർഘായുസും ആരോഗ്യവും എപ്പോഴും നൽകട്ടെ,

See also  തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഇനി വിരൽ തുമ്പിൽ

Related News

Related News

Leave a Comment