വാൽപാറയിലെ ജനവാസമേഖലയിൽ വീണ്ടും ആശങ്ക വിതച്ച് കാട്ടാനക്കൂട്ടം. അക്കാമല എസ്റ്റേറ്റിന് സമീപത്ത് ഇറങ്ങിയ ഏഴ് കാട്ടാനകൾ ലയങ്ങൾ തകർത്ത് വീട്ടുപകരണങ്ങളും നശിപ്പിച്ചു. തുരത്താൻ ശ്രമിച്ച അതിഥി തൊഴിലാളികൾക്ക് നേരെയും കാട്ടാനക്കൂട്ടം പാഞ്ഞടുത്തു.
കുട്ടിയുൾപ്പെടെയുള്ള അഞ്ചംഗ കാട്ടാനക്കൂട്ടം കാട് കയറി ഒരാഴ്ച പിന്നിടും മുൻപാണ് അടുത്ത ആക്രമണം. കാടിറങ്ങിയ കൊമ്പൻ അതിഥി തൊഴിലാളികളുടെ ലയങ്ങളിലേക്കാണ് ഓടിക്കയറിയത്. വീടിൻറെ സംരക്ഷണഭിത്തി ഉൾപ്പെടെ തകർത്ത് അകത്ത് കയറി. ലയങ്ങൾക്കുള്ളിലുണ്ടായിരുന്ന സകലതും തരിപ്പണമാക്കി. കരുതിവച്ചതെല്ലാം കാട്ടാന നശിപ്പിക്കുന്നത് കണ്ട് അസം സ്വദേശികളായ അതിഥി തൊഴിലാളികൾ പ്രതിരോധം തീർക്കാൻ ശ്രമിച്ചു. തൊഴിലാളികളെ ആനക്കൂട്ടം വിരട്ടിയോടിച്ചു. മുകളിലേക്ക് ഓടിക്കയറിയാണ് കുടുംബാംഗങ്ങൾ സുരക്ഷിതരായത്.