Tuesday, March 11, 2025

ചന്ദ്രനും ചൊവ്വയും കൈയെത്തും ദൂരത്ത്

Must read

തിരുവനന്തപുരം: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച മ്യൂസിയം ഓഫ് ദ മൂണ്‍ കാണാന്‍ ഒരു ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ മാസം കനകക്കുന്നില്‍ എത്തിയത്. നേരിട്ടും അല്ലാതെയും ആ ചന്ദ്രനെക്കണ്ട ഭൂരിപക്ഷം പേര്‍ക്കും അതൊരു കൗതുകക്കാഴ്ചയായിരുന്നു. അതേ കൗതുകക്കാഴ്ച വീണ്ടും കാണാനുള്ള അവസരമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയില്‍ ഒരുങ്ങുന്നത്.

ഫെസ്റ്റിവലിനെത്തുന്നവര്‍ക്ക് ചന്ദ്രനോടൊപ്പം ചൊവ്വയേയും കൈയെത്തും ദൂരത്ത് വിശദമായി കാണാം. ബ്രിട്ടിഷുകാരനായ ലൂക്ക് ജെറമിന്‍റെ മ്യൂസിയം ഓഫ് ദ മൂണ്‍, ദ മാര്‍സ് എന്നീ ഇന്‍സ്റ്റലേഷനുകളാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ എന്ന ഉപഗ്രഹ ക്യാമറ പകര്‍ത്തിയ ചന്ദ്രന്‍റെ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 120 ഡിപിഐ റെസല്യൂഷനില്‍ പ്രിന്‍റ് ചെയ്താണ് ലൂക് ജെറം മ്യൂസിയം ഓഫ് ദ മൂണ്‍ തയാറാക്കിയത്.

ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ യഥാര്‍ഥ ചന്ദ്രന്‍റെ ഒരു വശം മാത്രമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ഏഴു മീറ്റര്‍ വ്യാസമുള്ള മ്യൂസിയം ഓഫ് ദ മൂണ്‍ ചന്ദ്രന്‍റെ എല്ലാ വശത്തുനിന്നുള്ള കാഴ്ചകളും കാണിച്ചുതരുന്നു എന്നതും പ്രത്യേകതയാണ്. ബാഫ്റ്റ പുരസ്‌കാരം നേടിയ സംഗീതജ്ഞന്‍ ഡാന്‍ ജോണ്‍സ് ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതത്തോടെയാണ് ജിഎസ്എഫ്‌കെയില്‍ മ്യൂസിയം ഓഫ് ദ മൂണ്‍ പ്രദര്‍ശിപ്പിക്കുക.

യഥാര്‍ഥ ചൊവ്വയുടെ ഒരു മില്യണ്‍ മടങ്ങ് ചെറുതാണ് ദ മാര്‍സ് ഇന്‍സ്റ്റലേഷന്‍. ദ മാര്‍സ് ഇന്‍സ്റ്റലേഷനില്‍ ചൊവ്വയുടെ ഉപരിതലത്തിലെ 10 കിലോമീറ്റര്‍ ഭാഗമാണ് ഒരു സെന്റീമീറ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെയുള്ള ഒരു മാസക്കാലം ചൂര്‍ണ ചന്ദ്രനേയും ചൊവ്വയേയും അടുത്തു കാണാനും അവയെക്കുറിച്ചു പഠിക്കാനും മനസിലാക്കാനുമുള്ള അവസരമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയില്‍ ഒരുങ്ങുന്നത്.

See also  തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article