ഇടുക്കി: ദേശീയപാത -85 ൻ്റെ ഭാഗമായി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത മൂന്നാർ-ബോഡിമെട്ട് ഹൈവേ സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരുടെ മനംകവരുകയാണ്. കേരളത്തിലെ ഏറ്റവും മനോഹരമായ റൂട്ടുകളിലൊന്നായി ഇത് വേറിട്ടുനിൽക്കുന്നുവെന്നാണ് ആളുകൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക്, സേലം-ഡിണ്ടിഗൽ റോഡിനെ ദേശീയപാത 85മായി (കൊച്ചി-ധനുഷ്‌കോടി പാത) ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ റോഡ്.
കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ (NH85) 42 കിലോമീറ്റർ റോഡ് നവീകരണ പദ്ധതി 381.76 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. നേരത്തെ നാല് മീറ്റർ വീതിയുണ്ടായിരുന്ന റോഡ് 15 മീറ്റർ വീതിയിൽ കാര്യമായ രൂപമാറ്റം വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം സുരക്ഷയും സഞ്ചാരസുഗവും വർദ്ധിപ്പിക്കുന്നതിനായി സീബ്രാ ലൈനുകളും സൈൻ ബോർഡുകളും സ്ഥാപിക്കുന്നതും നവീകരണത്തിൽ ഉൾപ്പെടുന്നുണ്ട്.
കുന്നുകളെ തഴുകിയുണർത്തുന്ന മേഘങ്ങളാണ് പ്രധാന ആകർഷണം. മുട്ടുകാടിലെ വയലും കണ്ണുകൾക്ക് കുളിർമയേകും. ഹൈറേഞ്ച് കുളിർമ്മയേകുന്ന കാഴ്ചകളും, ചൊക്രമുടി കുന്നുകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന ഗ്യാപ്പ് റോഡിലെ വിശാലമായ പാർക്കിംഗ് സൗകര്യവും ഈ പാതയെ ആകർഷകമാക്കുന്നുണ്ട്.