വര്‍ക്കല പാപനാശം ഹെലിപ്പാട് കുന്നിന്‍ മുകളില്‍ നിന്ന് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ വഴിത്തിരിവ്.
താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് യുവതി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലുള്ള തിരുനെല്‍വേലി സ്വദേശികളായ ബസന്ത് , കാന്തന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. ഗ്യാങ് റേപ്പ് ചുമത്തിയാണ് അറസ്റ്റ്. കൂട്ടു പ്രതി ദിനേശന്‍ ഒളിവിലാണ്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ മൊഴി വര്‍ക്കല പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.
.
ജനുവരി 3 ന് ഉച്ചയ്ക്ക് 1.45 ഓടെ പാപനാശം ഹെലിപ്പാട് കുന്നില്‍ നിന്നും യുവതി 30 അടിയോളം താഴ്ചയിലേക്ക് ചാടുകയായിരുന്നു. കൈകാലുകള്‍ക്ക് ഒടിവും ശരീരമാകെ പരിക്കേല്‍ക്കുകയും ചെയ്ത യുവതിയെ നാട്ടുകാരും ടൂറിസം പോലീസും ലൈഫ് ഗാര്‍ഡുകളും ചേര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയില്‍ ആയ യുവതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു. ക്രൂരമായ പീഡനമാണ് തനിക്ക് സംഭവിച്ചതെന്നും ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും യുവതി പോലീസിനോട് പറഞ്ഞു . സൗഹൃദത്തിലായിരുന്ന യുവാവിനൊപ്പം എത്തിയ യുവതിക്ക് ജ്യൂസില്‍ ലഹരി നല്‍കിയെന്നും പലയിടങ്ങളില്‍ കൊണ്ടു പോയി 4 ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചു എന്നും യുവതിയുടെ മൊഴിയിലുണ്ട്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യ ശ്രമമെന്ന് കണക്കാക്കിയിരുന്ന കേസിലാണ് യുവതിയുടെ മൊഴി നിര്‍ണായകമായത്. മദ്യവും ഇവര്‍ നിര്‍ബന്ധിപ്പിച്ചു കുടിപ്പിച്ചതായി യുവതി പറയുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന തിരുനെല്‍വേലി സ്വദേശി ദിനേശന്‍ എന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
യുവതിയെ ബന്ധുക്കള്‍ സ്ഥലത്തെത്തി നാഗര്‍കോവിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി മാറ്റി.