കൊടുങ്ങല്ലൂർ: വായ്പ നൽകിയ പണം തിരികെ ചോദിച്ച യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ലോക മല്ലേശ്വരം പടാകുളം അടിമ പറമ്പിൽ മുഹമ്മദ് സാലിഹ് (23), അഴീക്കോട് കൊമ്പനേഴത്ത് മുഹമ്മദ് മുസ്തഫ (23), എറിയാട് പേബസാർ വയ്യാട്ട് കുണ്ടിൽ മുഹമ്മദ് ഈസ (25), അഴീക്കോട് മേനോൻ ബസാർ കുഴിക്കണ്ടത്തിൽ നൗഫൽ (22) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരനും, ഇൻസ്പെക്ടർ ഇ.ആർ.ബൈജുവും അറസ്റ്റ് ചെയ്തത്.
എടവിലങ്ങ് കുഞ്ഞയിനി സ്വദേശികളായ തേവാലിൽ സംഗീത്, തട്ടാരിൽ വിപിൻ എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. സാരമായി പരിക്കേറ്റ് വിപിൻ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഴീക്കോട് മേനോൻ ബസാറിലായിരുന്നു സംഭവം. സംഗീത് വായ്പയായി നൽകിയ പണം തിരികെ ചോദിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. പണം തിരികെ നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് ഇവരെ ആക്രമിച്ചത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. എസ്ഐമാരായ ഹരോൾഡ് ജോർജ്, കശ്യപൻ, സെബി, പിസി സുനിൽ, സിആർ പ്രദീപ്, എഎസ്ആ സിടി രാജൻ, സിപിഒമാരായ ഗോപകുമാർ, ധനേഷ്, ബിജു, നിഷാന്ത്, മാനുവൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.