മലയാളം ബൈബിൾ 24 മണിക്കൂറോളം ദൈർഘ്യമുള്ള ഓഡിയോ ബൈബിളായി പുറത്തിറങ്ങുന്നു. ഒന്നര വർഷത്തെ ശ്രമഫലമായാണ് ഓഡിയോ ബൈബിൾ യാഥാർഥ്യമായത്. മൂന്നരപ്പതിറ്റാണ്ടായി ക്രിസ്തീയ ഭക്തിഗാനരംഗത്തെ സജീവസാന്നിധ്യമായ ബിനോയ് ചാക്കോയുടെ ശബ്ദ സൗകുമാര്യത്തിലാണ് ഓഡിയോ ബൈബിൾ. ആറായിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുള്ള ബിനോയിയുടേതാണ് ജീസസ് സിനിമയുടെ മലയാളം പതിപ്പിലെ ക്രിസ്തുവിന്റെ ശബ്ദം. പതിനായിരത്തിലധികം പരസ്യങ്ങൾക്ക് ശബ്ദം നൽകിയിട്ടുള്ള അദ്ദേഹം ദേശത്തും വിദേശത്തുമായി നൂറുകണക്കിന് വേദികളിൽ പാടിയിട്ടുണ്ട്. സുനിൽ സോളമന്റെയും വി ജെ പ്രതീഷിന്റെയും നേതൃത്വത്തിലാണ് സംഗീത പശ്ചാത്തലം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ശബ്ദലേഖന രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാൻലി ജേക്കബിന്റെ നേതൃത്വത്തിൽ 12 പേരടങ്ങുന്ന ടീമാണ് ബൈബിൾ സാക്ഷാത്ക്കരിച്ചത്.
ഓഡിയോ ബൈബിൾ സമർപ്പണ സമ്മേളനം നവംബർ 4ന് വൈകിട്ട് 5 ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കോട്ടയം അരീപ്പറമ്പ് ക്രിസ്ത്യൻ ബ്രദറൺ ചർച്ചിലെ ചടങ്ങിൽ ജോയ് ജോൺ അധ്യക്ഷനായിരിക്കും. സി എസ് ഐ മധ്യ കേരളാ മഹാ ഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ ഓഡിയോ ബൈബിൾ യൂട്യൂബ് ചാനൽ പ്രകാശനവും യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ കൂറിലോസ് ഡിജിറ്റൽ പ്ലാറ്റ്ഫോം ഉദ്ഘാടനവും നിർവഹിക്കും.