തൃശൂര്‍ (Thrisur) : തൃശൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. (A businessman committed suicide in Thrissur after being threatened by usurers.) ഗുരുവായൂര്‍ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി നേരിട്ടിരുന്നുവെന്ന് കുറിപ്പ് എഴുതിവച്ചായിരുന്നു ആത്മഹത്യ.
ഗുരുവായൂരില്‍ ഫാന്‍സി കടയും ചായക്കടയും നടത്തുകയായിരുന്നു മുസ്തഫ. കട നടത്താന്‍ വേണ്ടിയാണ് മുസ്തഫ കടം വാങ്ങിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് വാങ്ങിയെന്നാണ് കുറിപ്പില്‍ പറയുന്നത്. ഒന്നരവര്‍ഷത്തിനിടെയാണ് 40 ലക്ഷം രൂപ മുസ്തഫ തിരികെ നല്‍കിയത്. പലിശ കൊടുക്കാന്‍ വേണ്ടി പലരില്‍ നിന്ന് മുസ്തഫക്ക് കടം വാങ്ങേണ്ടി വന്നിരുന്നു. മുസ്തഫയുടെ സ്ഥലവും കൊള്ളാപലിശക്കാരന്‍ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്നും കുറിപ്പില്‍ പറയുന്നു.
പൊലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. പലിശക്ക് പണം നല്‍കിയ പ്രഹ്‌ളേഷ്,വിവേക് എന്നിവര്‍ മുസ്തഫയെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് മര്‍ദിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.
20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് അഞ്ചു ലക്ഷം രൂപയുടെ മതിപ്പുകാട്ടിയാണെന്നും കുടുംബം പറയുന്നു. ഭാര്യയുടെ പേരിലുള്ള ചെക്ക് മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി സമര്‍പ്പിക്കുമെന്നും അവിടെ കേസ് കൊടുക്കുമെന്നും കൊള്ളപ്പലിശക്കാര്‍ ഭീഷണിപ്പെടുത്തിയതായും കുടുംബം പറയുന്നു.