തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വൻ ഇടിവ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 2,480 രൂപ. (Gold rate in the state has fallen sharply today. The price of gold has fallen by Rs 2,480 in one go.) ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 93,280 രൂപയാണ്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയിലെത്തി. ഇന്നലെ ഉച്ചയ്ക്കും ഇന്നു രാവിലെയുമായി പവന് കുറഞ്ഞത് 4,080 രൂപ. ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 4,381 ഡോളറിൽ നിന്നും ഇടിഞ്ഞ് 4,009.80 ഡോളറിൽ എത്തി.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,720 രൂപയും, പവന് 1,01,760 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,540 രൂപയും പവന് 76,320 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 180 രൂപയും കിലോഗ്രാമിന് 1,80,000 രൂപയുമാണ്. ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ എല്ലാം ഒരു ലക്ഷത്തിൽ അധികം വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.
ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച് വില ഉയർത്തുന്നത്. വില കുതിച്ചുയർന്നതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.


