തിരുവനന്തപുരം (Thiruvananthapuram) : ‘സാഗരകന്യക’ ശില്പത്തെ പരസ്യചിത്രത്തിൽ വികലമായി ചിത്രീകരിച്ചതിനെതിരേ ശിൽപ്പി കാനായി കുഞ്ഞിരാമൻ. (Sculptor Kunhiraman protested against the distorted depiction of the ‘Sagarakanyaka’ sculpture in an advertisement.) സ്തനാർബുദ അവബോധത്തിന്റെ ഭാഗമായി ഒരു ആശുപത്രി വെച്ച കൂറ്റൻ പരസ്യ ഹോർഡിങ്ങാണ് വിവാദമായി മാറിയത്. ചിത്രത്തിലെ സാഗരകന്യകയുടെ സ്തനങ്ങളിൽ ഒന്ന് മായ്ച്ചുകളഞ്ഞ രൂപത്തിലാണിത്. ‘ഒരു മാറ്റം കാണുന്നുണ്ടോ?’ എന്നാണ് പരസ്യത്തിലെ ചോദ്യം.
സ്തനാർബുദ ചികിത്സയായ മാസ്റ്റെക്ടമി ചെയ്തതിന്റെ അടയാളമാണ് മാറ്റിയ സ്തനത്തിന്റെ ഭാഗത്തുള്ളത്. കാനായി കുഞ്ഞിരാമൻ നിർമിച്ച്, ശംഖുംമുഖം കടൽത്തീരത്ത് സ്ഥാപിച്ച ബൃഹദ്ശിൽപ്പമാണ് സാഗരകന്യക. പ്രശസ്തമായ ശിൽപ്പം തന്റെ അനുമതിയില്ലാതെയും വികലമാക്കിയും ഉപയോഗിച്ചുവെന്നാണ് ശിൽപ്പിയായ കാനായി കുഞ്ഞിരാമൻ പരാതിപ്പെട്ടത്.
87 അടി നീളവും 25 അടി പൊക്കവുമുള്ള സാഗരകന്യക രണ്ടുവർഷമെടുത്താണ് കാനായി പൂർത്തീകരിച്ചത്. ലോകത്തിലെ ഏറ്റവുംവലിയ ജലകന്യകാ ശില്പത്തിനുള്ള ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചതാണ് സാഗരകന്യക. കാനായിയുടെ എതിർപ്പ് പരിഗണിച്ച് പരസ്യബോർഡ് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.