ബെംഗളൂരു (Bangalur) : ആർ എസ് എസിനെതിരെ കടുപ്പിച്ച് കർണാടക. പൊതു ഇടങ്ങളിൽ ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കർണാടകയിൽ കോൺഗ്രസ് സർക്കാർ നിയമം കൊണ്ടുവന്നതിന് പിന്നാലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. (Karnataka cracks down on RSS. A government official who participated in an RSS event has been suspended after the Congress government in Karnataka introduced a law restricting RSS activities in public places.) പഞ്ചായത്ത് വികസന ഓഫീസറായ പ്രവീൺ കുമാർ കെ.പി.യെയാണ് ആർ.എസ്.എസ്സിന്റെ ശതാബ്ദി പരിപാടിയിൽ പങ്കെടുത്തതിന് ഗ്രാമ വികസന, പഞ്ചായത്ത് രാജ് വകുപ്പ് വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തത്.
ഒക്ടോബർ 12-ന് ലിംഗ്സുഗൂരിൽ നടന്ന ആർ.എസ്.എസ്സിന്റെ റൂട്ട് മാർച്ചിലാണ് ആർഎസ് എസിന്റെ ഗണവേഷം വസ്ത്രം ധരിച്ച് കയ്യിൽ ദണ്ഡ് പിടിച്ച് പ്രവീൺ കുമാർ പങ്കെടുത്തത്. സസ്പെൻഷൻ ഉത്തരവിൽ, സർവീസ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിനും നിർദ്ദേശമുണ്ട്. സർക്കാർ ജീവനക്കാർ രാഷ്ട്രീയ നിഷ്പക്ഷതയും സത്യസന്ധതയും തങ്ങളുടെ ഓഫീസിന് ചേർന്ന പെരുമാറ്റവും പാലിക്കണമെന്ന് നിഷ്കർഷിക്കുന്ന കർണാടക സിവിൽ സർവീസസ് നിയമങ്ങൾ, 2021-ലെ റൂൾ 3 ഉദ്യോഗസ്ഥൻ ലംഘിച്ചു എന്നും, അദ്ദേഹത്തിൻ്റെ നടപടികൾ ഒരു പൊതുപ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരത്തിന് നിരക്കാത്തതാണെന്നും ഉത്തരവിൽ പറയുന്നു.
നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. കോൺഗ്രസിനെ വിമർശിച്ച കർണാടക ബി.ജെ.പി. അധ്യക്ഷൻ വിജേന്ദ്ര യെദ്യൂരപ്പ, സസ്പെൻഷൻ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നതാണെന്നും ചൂണ്ടിക്കാട്ടി. കർണാടക കോൺഗ്രസ് പാർട്ടിയുടെ ഹിന്ദു വിരുദ്ധ പ്രവണതായാണ് ഇത് കാണിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. അത് എങ്ങനെ നേർവഴിക്ക് കൊണ്ടുവരണമെന്ന് ഞങ്ങൾക്ക് അറിയാം. സസ്പെൻഷൻ ഉടൻ പിൻവലിക്കണം. അല്ലാത്തപക്ഷം ഈ വിഭജന രാഷ്ട്രീയത്തെ ചെറുക്കാൻ ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളിൽ ഭരണഘടനാപരമായ മാർഗ്ഗങ്ങളിലൂടെ ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.