പത്തനംതിട്ട (Pathanamthitta) : ശബരിമല സ്വർണമോഷണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുക്കുമെന്ന് വിവരം. (It is reported that Unnikrishnan Potty, the prime accused in the Sabarimala gold theft case, will be taken into custody.) ചെന്നൈ സ്മാർട്ട് ക്രിയേഷൻസ്, ശബരിമല സന്നിധാനം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച തെളിവുകൾ സ്വർണമോഷണത്തിലെ ഉണ്ണികൃഷ്ണൻപോറ്റിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. പോറ്റിയുടെ രണ്ടുവർഷത്തെ കോൾലിസ്റ്റ് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
സ്മാർട്ട് ക്രിയേഷൻസിലെയും ദേവസ്വത്തിലെയും ജീവനക്കാർ, ഉന്നതരായ മറ്റു വ്യക്തികൾ തുടങ്ങിയവരെ പോറ്റി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. അന്വേഷണപുരോഗതി രണ്ടാഴ്ചകൂടുമ്പോൾ ഹൈക്കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.
അതേസമയം, ശ്രീകോവിൽ വാതിലിന്റെ കട്ടിളയുടെ സ്വർണപ്പാളികൾ ചെമ്പുപാളികളെന്ന പേരിൽ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുക്കാൻ തീരുമാനിച്ചത് ദേവസ്വം ബോർഡ് ആണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. ഇതിനായി ബോർഡിനോട് ശുപാർശ ചെയ്തത് അന്നത്തെ ദേവസ്വം കമ്മിഷണർ എൻ.വാസുവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
2019ലെ ദേവസ്വം കമീഷണർ, തിരുവാഭരണ കമീഷണർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസി. എൻജിനീയർ എന്നിവർക്ക് ഗുരുത വീഴ്ചയുണ്ടായതായും ചീഫ് വിജിലൻസ് ഓഫിസർ വി. സുനിൽകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്മാർട്ട് ക്രിയേഷൻസ് ഉടമയുടെ മൊഴിയടക്കം ബോർഡിനും ഉദ്യോഗസ്ഥർക്കുമെതിരെ പ്രത്യേക സംഘം കൂടുതൽ അന്വേഷണം നടത്തണം. ഭക്തർ നൽകുന്ന സ്വർണമല്ല കൊടിമരം, താഴികക്കുടം എന്നിവയിൽ പൂശുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.