ബെംഗളൂരു (Bangalure) : മനുഷ്യശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കും എന്ന് ഉഡുപ്പി മണിപ്പാൽ സ്വദേശിയും സർജനുമായ ഡോ.മഹേന്ദ്ര റെഡ്ഡിക്ക് (31) നന്നായി അറിയാമായിരുന്നു. (Dr. Mahendra Reddy (31), a surgeon and native of Udupi Manipal, knew very well how the human body reacts to medicines.) ആ അറിവ് ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതോടെ ഡോക്ടർ ജയിലിലായി.
ത്വക്ക് രോഗ വിദഗ്ധയായ ഭാര്യ ഡോ.കൃതിക റെഡ്ഡിയെ (28) ചികിത്സയുടെ മറവിൽ അനസ്തീസിയ മരുന്ന് നൽകിയാണ് മഹേന്ദ്ര കൊലപ്പെടുത്തിയത്. കൃതികയ്ക്ക് ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും, വിവാഹത്തിനു മുൻപ് ഭാര്യയുടെ കുടുംബം ഇതു വെളിപ്പെടുത്താത്തതിൽ മഹേന്ദ്ര അസ്വസ്ഥനായിരുന്നെന്നും പൊലീസ് പറയുന്നു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്.
ഏപ്രിൽ 23നാണ് കൃതികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 21ന് കൃതികയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ശസ്ത്രക്രിയയ്ക്ക് മുൻപ് ബോധം കെടുത്തുന്നതിന് നൽകുന്ന മരുന്ന് മഹേന്ദ്ര അമിത അളവിൽ നൽകി. വിശ്രമം ആവശ്യമാണെന്നു പറഞ്ഞ് കൃതികയെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്നു രാത്രി തന്നെ സ്വന്തം വീട്ടിൽ തിരിച്ചെത്തി മറ്റൊരു ഡോസ് കൂടി നൽകി. കുത്തിവയ്പ്പ് നൽകിയ സ്ഥലത്ത് വേദനയുണ്ടെന്ന് കൃതിക പറഞ്ഞെങ്കിലും മഹേന്ദ്ര ആശ്വസിപ്പിച്ചു. വീണ്ടും മരുന്നു നൽകി. പിറ്റേന്നു രാവിലെ കൃതികയെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
അനസ്തീസിയയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് അമിതമായി ഉള്ളിൽ ചെന്നതായി പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്. കൃതികയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിൽ മഹേന്ദ്ര കുറ്റം സമ്മതിച്ചു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലായിരുന്നു കൊലപാതകം. സ്വന്തമായി ഒരു സ്കിൻ ക്ലിനിക്ക് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു കൃതിക.