ബര്‍ണാല (Barnala) : ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി കര്‍വ്വാ ചൗത്ത് വ്രതാഘോഷത്തില് പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്താല്‍ 59 കാരിക്ക് ദാരുണാന്ത്യം. (Barnala: A 59-year-old woman died of a heart attack while participating in the Karva Chauth fast for her husband’s long life.) പഞ്ചാബിലെ ബര്‍ണാലയിലാണ് സംഭവം. വ്രതദിവസം ഭക്ഷണം കഴിക്കാതെ മണിക്കൂറുകളോളം സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തംവച്ച് ആഘോഷിക്കുന്നതിനിടെ കുഴഞ്ഞുവീണ ആശാ റാണി(59)ക്കാണ് മരണം സംഭവിച്ചത്.
ഹിന്ദു,സിഖ് മതവിശ്വാസികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ആയുരാരോഗ്യത്തിനുമായി വ്രതമനുഷ്ഠിച്ചാണ് കര്‍വ്വാ ചൗത്ത് ആചരിക്കുന്നത്. സന്ധ്യയാകുന്നതോടെ മാത്രമേ ആഹാരം കഴിക്കുള്ളൂ, ഭര്‍ത്താവ് നല്കുന്ന വെള്ളം കുടിച്ചാണ് വ്രതം അവസാനിപ്പിക്കുക.
കര്‍വ്വാ ചൗത്ത് വ്രതമെടുത്ത വെള്ളിയാഴ്ച്ച വൈകിട്ട് ആശാ റാണിയും ഭര്‍ത്താവ് ടര്‍സേം ലാലും കൊച്ചുമകളും കൂടി സുഹൃത്തിന്റെ വീട്ടിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. പഞ്ചാബി ഗാനത്തിനൊപ്പം ആശാ റാണിയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവം അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും കടുത്ത വേദനയാണ് നല്‍കിയതെന്ന് ബര്‍ണാലയിലെ നാട്ടുകാര്‍ പറയുന്നു. വ്രതദിനം തന്നെ മരണം സംഭവിച്ചത് കുടുംബാംഗങ്ങള്‍ക്കാകെ അവിശ്വസനീയമായി തോന്നുന്നുവെന്ന് ബന്ധു പ്രതികരിച്ചു. കുടുംബത്തിന്റെ വേദനയ്ക്കൊപ്പം ചേരുകയാണെന്ന് പരിസരവാസികള്‍ പറയുന്നു.