എസ്.ബി.മധു
ഇന്ത്യയിലെ നാല് മഹാക്ഷേത്രങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരം സ്വാമിക്ഷേത്രം. വടക്ക് ബദരീനാഥ്, കിഴക്ക് പുരി ജഗന്നാഥ ക്ഷേത്രം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണത്. ഇതില്‍ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണ് രാമേശ്വരം.
പാമ്പന്‍ കനാലിനാല്‍ വിഭജിക്കപ്പെട്ടിരിക്കുന്ന പാമ്പന്‍ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാര്‍ ദ്വീപില്‍നിന്നും വെറും അന്‍പത് കിലോമീറ്റര്‍ അകലെയാണ് പാമ്പന്‍ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയുന്ന പാമ്പന്‍ ദ്വീപ് ഇന്ത്യയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നത് ലോകപ്രസിദ്ധമായ പാമ്പന്‍ പാലത്തിലൂടെയാണ്. പുണ്യപുരാണമായ രാമായണവുമായി ഏറെ ബന്ധമുളള സ്ഥലമാണിത്. രാമായണത്തില്‍ ലങ്കാപതിയായ രാവണന്‍ സീതയെ അപഹരിച്ച് ബന്ധിയാക്കിയതിനെത്തുടര്‍ന്ന് സീതയെ മോചിപ്പിക്കാനായി ശ്രീരാമന്‍ ഭാരതത്തില്‍ നിന്നും ലങ്കയിലേക്ക് പാലം നിര്‍മിച്ച് എത്തിയത് രാമേശ്വരത്തില്‍ നിന്നാണ്.
ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമന്‍ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തില്‍ ഈ കഥ സേതുബന്ധനം എന്ന് പരാമര്‍ശിക്കുന്നു. രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമന്‍ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്‌കോടി. രാവണനെ പരാജയപ്പെടുത്തിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ രാമന്‍ വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാല്‍ ധനുഷ്‌കോടി എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയപ്പെടുന്നു.
രാവണനെ കൊന്ന ബ്രഹ്‌മഹത്യാദോഷം പരിഹരിക്കാനായി ശ്രീരാമന്‍ അഗസ്ത്യര്‍ മുനിയുടെ നിര്‍ദ്ദേശാനുസരണം സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗ പ്രതിഷ്ഠ നടത്താന്‍ തീരുമാനിച്ചു. കൈലാസത്തില്‍ നിന്ന് ശിവലിംഗം കൊണ്ടുവരുവാന്‍ തന്റെ പ്രിയശിഷ്യനായ ഹനുമാന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പ്രതിഷ്ഠ നടത്തുവാനുളള മുഹൂര്‍ത്തത്തില്‍ ശിവലിംഗമെത്തിക്കാനായില്ല. അതിനാല്‍ സീതാ ദേവി തന്റെ കരങ്ങളാല്‍ മണലില്‍ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂര്‍ത്തസമയത്തു തന്നെ പൂജാദിക്രിയകള്‍ അനുഷ്ഠിച്ചു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാന്‍ ഇത് കണ്ട് ദുഖിതനായി. ഹനുമാനെ ദുഃഖമകറ്റാന്‍ രാമന്‍ സീതാദേവി പ്രതിഷ്ഠിച്ച ശിവലിംഗത്തിനു സമീപം തന്നെ ഹനൂമാന്‍ എത്തിച്ച ശിവലിംഗവും പ്രതിഷ്ഠിച്ചു. ആ ശിവലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ക്ഷേത്രത്തില്‍ ചടങ്ങുകള്‍ ഇപ്പോഴും ഇങ്ങനെ തന്നെയാണ് നടക്കുന്നത്.

ഇവിടെ എത്തുന്ന തീര്‍ഥാടകര്‍ ആദ്യം ലക്ഷ്മണതീര്‍ഥത്തില്‍ സ്‌നാനം ചെയ്യണം. മഹോതതിയും രത്‌നാകരവും സന്ധിക്കുന്ന ധനുഷ്‌കോടിയില്‍ മുങ്ങിക്കുളിച്ചാലേ കാശി യാത്രയുടെ ഫലം സമ്പൂര്‍ണമായി ലഭിക്കൂ എന്നാണ് വിശ്വാസം. കാശിയില്‍ നിന്നും ഗംഗാജലം ഇവിടെ കൊണ്ട് വന്നു രാമേശ്വരം ശിവ ലിംഗത്തില്‍ അഭിഷേകം ചെയ്യുന്നതും വിശേഷമാണ്. ഇവിടെ നിന്നു തിരിച്ചുവരുമ്പോള്‍ സീതാ തീര്‍ഥമെന്ന കുണ്ഡം ആണ്. അത് കഴിഞ്ഞു രാമ തീര്‍ഥമെന്ന പൊയ്ക. ഇതിലെ ജലം ഉപ്പുള്ളതാണ്. രാമേശ്വരം ക്ഷേത്രത്തില്‍ 22 തീര്‍ഥ കിണറുകളുണ്ട്. ക്ഷേത്ര ജീവനക്കാര്‍ ഓരോ തീര്‍ഥത്തില്‍ നിന്നും ജലം ബക്കറ്റില്‍ കോരി ശിരസ്സിലൊഴിച്ച് സ്‌നാനം ചെയ്യിക്കും. രാമേശ്വരത്തെ തീര്‍ഥങ്ങളിലെ പുണ്യജലത്തില്‍ കുളിക്കുന്നതിലൂടെ ഭക്തരുടെ മുന്‍കാല പാപങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട പുണ്യസ്ഥലമാണ് രാമേശ്വരം ക്ഷേത്രം. കേരളത്തില്‍ നിന്നുളള വെങ്കിടേശന്‍ തീര്‍ത്ഥ പാദര്‍ ഇവിടത്തെ മുഖ്യപുരോഹിതരില്‍ ഒരാളാണ്. ഭഗവത് സേവയ്‌ക്കൊപ്പം ഇവിടെയെത്തുന്ന മലയാളികള്‍ക്കും ഇദ്ദേഹം വേണ്ട സഹായങ്ങള്‍ ചെയ്യുന്നു. ഇദ്ദേഹത്തിന്റെ മാതാവ് തിരുവനന്തപുരം വര്‍ക്കല സ്വദേശിയാണ്. ക്ഷേത്രത്തിനടുത്താണ് വെങ്കിടേശ്വന്‍ താമസിച്ചുവരുന്നത്. ദര്‍ശനത്തിനെത്തുന്നവര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും അന്നദാനകര്‍മ്മങ്ങള്‍ക്കുമായി ക്ഷേത്രത്തിലെത്തുന്ന മലയാളികള്‍ക്ക് വെങ്കിടേശ സ്വാമിയെ സമീപിക്കാം. 1/40, South Car Street, Rameswaram , Contact no. 04573-222302, 94438 61715